ചക്കക്കൊമ്പന്റെ ഇതുവരെ കാണാത്ത കാഴ്‌ച പകർത്തിയത് ഇങ്ങനെ; ഡോക്‌ടർ ബിജീഷ് മത്തായി പറയുന്നു.

SHARE

ഒരു പാറയുടെ മുകളിൽ തലയുയർത്തി നിൽക്കുന്ന ചക്കക്കൊമ്പൻ… സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യം കാണാത്തവരായി ആരുമുണ്ടാകില്ല. പ്രകൃതിയുടെ മനോഹാരിതയും കാട്ടാനയുടെ ഗാംഭീര്യവും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഈ ദൃശ്യം പകർത്തിയത് ഒരു പ്രൊഫഷണൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറല്ല. മറിച്ച് അങ്കമാലിയിലെ ഒരു ഡെന്റൽ സർജനാണ്. ഡോക്‌ടർ ബിജീഷ് മത്തായി. പ്രൊഫഷൻ ഡോക്ടറാണെങ്കിലും പാഷൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയാണ്.ചിന്നക്കനാലിൽ ഭീതി പരത്തിയ ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യമായിരുന്നു ‘മിഷൻ ചക്കക്കൊമ്പൻ’. ഇതിന്റെ ഭാഗമായി മൂന്നാർ ആർ.ആർ. റേഞ്ച് ഓഫീസർ ജന്തിനൊപ്പം ആനയെ നിരീക്ഷിക്കാനായി എത്തിയ സംഘത്തോടൊപ്പമാണ് ഡോക്ട‌ർ ബിജീഷും ഉണ്ടായിരുന്നത്. രാവിലെ മുതൽ ആനയെ നിരീക്ഷിച്ചുകൊണ്ടിരുന്ന സംഘത്തിന് വൈകുന്നേരത്തോടെയാണ് ആനയിറങ്കൽ ഡാമിന്റെ ജലാശയത്തോട് ചേർന്നുള്ള തുരുത്തിൽ ചക്കക്കൊമ്പനെ കാണാനായത്.ഡ്രോണിൽ ദൃശ്യം പരിശോധിച്ചപ്പോഴാണ് ഉയർന്ന പാറയുടെ മുകളിൽ കയറി മരത്തിന്റെ ഇലകൾ പറിച്ചുതിന്നുന്ന ആനയെ കണ്ടത്. ഇതുവരെ കാണാത്ത ആ കാഴ്ച്‌ച സംഘത്തെയും അത്ഭുതപ്പെടുത്തി. ഇത്രയും ഉയരമുള്ള പാറയുടെ മുകളിൽ ആന എങ്ങനെ എത്തിയെന്നായിരുന്നു എല്ലാവരുടെയും സംശയം. പാറയുടെ വശത്തുകൂടിയുള്ള ഇടുങ്ങിയ വഴിയിലൂടെയാണ് ആന മുകളിലെത്തിയതെന്ന് പിന്നീട് മനസ്സിലായി. അപൂർവമായ ആ കാഴ്ച നഷ്ട‌പ്പെടുത്താൻ ഡോ. ബിജീഷും സംഘവും തയ്യാറായിരുന്നില്ല. അങ്ങനെയാണ് ചക്കക്കൊമ്പന്റെ ആ മനോഹര ദൃശ്യം ക്യാമറയിൽ പകർത്തിയത്.സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതോടെ വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്. പലരും ഇത് യഥാർഥ ദൃശ്യമല്ലെന്നും എ.ഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും സംശയിച്ചു. എന്നാൽ യഥാർഥത്തിൽ പകർത്തിയ ദൃശ്യമാണെന്ന് വ്യക്‌തമായതോടെ വിഡിയോ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. മാധ്യമങ്ങളും ഏറ്റെടുത്ത വീഡിയോ ഒടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കുവെച്ചു.വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ ഇത്തരം അപൂർവ നിമിഷങ്ങൾ പകർത്താൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരും. നെല്ലിയാമ്പതിയിൽ മഴമുഴക്കി വേഴാമ്പലിനെ പകർത്താനായാലും മൂന്നാറിൽ പടയപ്പയെ കാണാനായാലും ക്ഷമയോടെ കാത്തിരിക്കണം. എന്നാൽ ആ കാത്തിരിപ്പിനൊടുവിൽ ലഭിക്കുന്ന ദൃശ്യങ്ങൾ നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നാണ് ഡോ. ബിജീഷ് പറയുന്നത്.മൂന്നാറിലെ ആനപ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള പടയപ്പയെ പകർത്തുന്നതും ബിജീഷിന് ഏറെ ഇഷ്ടമാണ്. ഒരിക്കൽ പടയപ്പയെ കാണാനായി എത്തിയപ്പോൾ ഒരു വീടിൻ്റെ മുന്നിൽ നിൽക്കുകയായിരുന്ന ആന നേരെ ഇവരുടെ അടുത്തേക്ക് വരികയായിരുന്നു.
എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം അവിടെത്തന്നെ നിന്ന സംഘത്തിന് മുന്നിലൂടെ പടയപ്പ വശത്തുകൂടി കടന്നുപോയി. ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു അതെന്ന് ബിജീഷ് പറയുന്നു. എന്നാൽ ഒരു വിഡിയോയോ ചിത്രമോ പകർത്തുക എന്നതിലുപരി ആ നിമിഷം നേരിട്ട് ആസ്വദിക്കാനാണ് തനിക്ക് കൂടുതൽ ഇഷ്‌ടമെന്നും ഡോ ബിജീഷ് വ്യക്തമാക്കുന്നു.