അഴിക്കോട് ചാൽ ബീച്ചിന് വിനോദ സഞ്ചാരത്തിന്റെ വിജയകൊടി, മൂന്നാം വർഷവും ബ്ലൂ ഫ്ലാഗ് നേട്ടം.

അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് പദവി തുടർച്ചയായ മൂന്നാം വർഷവും നിലനിർത്തി ചാൽ ബീച്ച്. 2026–27 സീസണിലേക്കുള്ള പദവിയാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ വിലയിരുത്തിയ ശേഷം ഡെന്മാർക്ക് ആസ്ഥാനമായി 51 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യൂക്കേഷൻ (എഫ് ഇ ഇ) പുതുക്കി നൽകിയത്. ഇതോടെ സുസ്ഥിര വിനോദ സഞ്ചാര രംഗത്ത് ചാൽ ബീച്ച് വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടി.
നെതർലൻഡ്സിൽനിന്ന് എത്തിച്ച ബ്ലൂ ഫ്ലാഗ് പതാക ബ്ലൂ ഫ്ലാഗ് ഇന്ത്യ നാഷണൽ ഓപ്പറേറ്റർ ഡോ. ശ്രീജി കുറുപ്പ്, കെ. വി. സുമേഷ് എം എൽ എ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ പി. വിഷ്ണുരാജിന് കൈമാറി. കടൽത്തീരത്തിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ടുള്ള സുസ്ഥിര വികസന മാതൃകയാണ് ചാൽ ബീച്ചിനെ ആഗോള ശ്രദ്ധയിലെത്തിച്ചതെന്ന് കലക്ടർ പറഞ്ഞു. ബ്ലൂ ഫ്ലാഗ് മാനദണ്ഡങ്ങൾ പഠിക്കാനും മാതൃകയാക്കാനും കഴിയുന്ന ആഗോള പഠനകേന്ദ്രമായി ചാൽ ബീച്ചിനെ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ മുതൽ മെയ് വരെയാണ് ബീച്ചിലെ ഔദ്യോഗിക ബ്ലൂ ഫ്ലാഗ് സീസൺ.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും (ഡി ടി പി സി) ആസൂത്രണവും കൃത്യമായ പരിപാലനവുമാണ് തുടർച്ചയായി പദവി നിലനിർത്താൻ സഹായിച്ചത്. വൻകിട കോൺക്രീറ്റ് നിർമാണങ്ങൾ ഒഴിവാക്കി താൽക്കാലിക സംവിധാനങ്ങളിലൂടെ ബീച്ചിന്റെ സ്വാഭാവികത സംരക്ഷിക്കുന്ന കുറഞ്ഞ ചെലവിലുള്ള വികസന മാതൃകയാണ് ചാൽ ബീച്ചിന്റെ പ്രത്യേകതയെന്ന് ഡോ. ശ്രീജി കുറുപ്പ് പറഞ്ഞു.
ശ്രീലങ്കൻ സംഘം സന്ദർശിച്ചു
ചാൽ ബീച്ചിന്റെ സുസ്ഥിര ടൂറിസം മാതൃക പഠിക്കുന്നതിനായി ശ്രീലങ്കയിൽനിന്നുള്ള ആറംഗ ഉന്നതതല സംഘവും ബീച്ച് സന്ദർശിച്ചു. മറൈൻ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ അതോറിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥരും കൊളംബോ പോർട്ട് സിറ്റിയിലെ നാല് പ്രതിനിധികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ബ്ലൂ ഫ്ലാഗ് മാനദണ്ഡങ്ങൾ നടപ്പാക്കുന്ന രീതി, ബീച്ച് മാനേജ്മെന്റ് കമ്മിറ്റി, പ്രാദേശിക പങ്കാളിത്തം, മാലിന്യസംസ്കരണം, പരിസ്ഥിതി പരിപാലനം എന്നിവ സംഘം നേരിട്ട് വിലയിരുത്തി.
ജില്ലയിലെ കൂടുതൽ ബീച്ചുകളിലേക്ക് ബ്ലൂ ഫ്ലാഗ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യാമ്പലം, ചൂട്ടാട്, മുഴപ്പിലങ്ങാട് ബീച്ചുകളിലും സംഘം സാധ്യതാപഠനം നടത്തി. ഇവിടങ്ങളിലെ നിലവിലെ സൗകര്യങ്ങളും വിലയിരുത്തി.

