രാഷ്ട്രപതി ദ്രൗപതി മുര്‍മു മിസോറാമിലേക്ക് യാത്ര തിരിച്ചു

SHARE

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപതി മുര്‍മു മിസോറാമിലേക്ക് യാത്ര തിരിച്ചു. പകല്‍ 11.35 ഓടെ യാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ വായുസേനയുടെ പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി മിസോറാമിലേക്ക് തിരിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത് അഭിവാദ്യം സ്വീകരിച്ച ശേഷം പകല്‍ പതിനൊന്നു മണിയോടെയാണ് നാവികസേനാ ഹെലികോപ്ടറില്‍ രാഷ്ട്രപതി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. രാഷ്ട്രപതിയെ കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, സി സദാനന്ദന്‍ മാസ്റ്റര്‍ എംപി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക്, ഇന്ത്യന്‍ നാവിക അക്കാദമി പ്രിന്‍സിപ്പല്‍ റിയര്‍ അഡ്മിറല്‍ എസ് എം ഉറൂജ് അത്തര്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, സിറ്റി പോലിസ് കമ്മീഷണര്‍ ബി വി വിജയ ഭരത് റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പകല്‍ പതിനൊന്നരയോടെ രാഷ്ട്രപതിയേയും വഹിച്ചുള്ള വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നു.