നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും; മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ ആരോപണങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

SHARE

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. ഒൻപത് ദിവസത്തേക്കായി ചേരുന്ന സഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട നിയമ നിർമ്മാണമാണ്. നിലവിലെ സമകാലീന രാഷ്ട്രീയ വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കും. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഉയർന്നുവന്ന ആരോപണങ്ങളും ആക്ഷേപങ്ങളും സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നാളെ മുതൽ ഡിസംബർ 10 വരെ ഒൻപത് ദിവസത്തേക്കാണ് പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുക. എട്ടു ദിവസവും നിയമനിർമാണത്തിനായാണ് സഭ നീക്കിവെക്കുന്നത്. സ്വകാര്യ സർവകലാശാകൾ, സിദ്ധാർത്ഥ റാഗിംഗ് നിരോധനവും വിദ്യാർത്ഥി ക്ഷേമവും, കായിക താരങ്ങളുടെ ക്ഷേമം തുടങ്ങിയ ബില്ലുകൾ ആണ് പ്രധാനപ്പെട്ടത്. ഇതിൽ സ്വകാര്യസമകലാശാല ബില്ല് ഇതിനകം തന്നെ വിവാദമായി കഴിഞ്ഞു. സ്വകാര്യ സർവകലാശാലകൾക്ക് അനിയന്ത്രിതമായി കേരളത്തിൽ ചുവട് വയ്ക്കാനുള്ള അവസരമാണ് സർക്കാർ ബില്ലിലൂടെ ഒരുക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സർക്കാരിനും എതിരെ ഉയർന്നുവന്ന എല്ലാ വിവാദങ്ങളും സഭയിൽ പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച, ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായത്, വൈദ്യുതി മേഖലയിലെ കരാറും അഴിമതി ആരോപണവും, ഫോൺ ചോർത്തൽ നിരീക്ഷണ വിഷയം, മുഖ്യമന്ത്രിയുടെ കൊലവിളി പ്രസംഗം തുടങ്ങി യുഡിഎഫിലും സർക്കാരിലും നിലനിൽക്കുന്ന തർക്കങ്ങൾ അടക്കം സഭയിൽ ഉയർന്നു വരും. ഇതിലൊക്കെ മറ്റു മന്ത്രിമാരും ഘടകകക്ഷി നേതാക്കളും സഭക്കുള്ളിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതും ഏറെ പ്രസക്തമാണ്.