October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

സുന്നി ഐക്യത്തെ സ്വാഗതം ചെയ്ത് എ പി വിഭാഗവും; നാളെ കോട്ടക്കലില്‍ കാന്തപുരം നിലപാട് പറയും

SHARE

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ കെ വിഭാഗം മുന്നോട്ടുവെച്ച സുന്നി ഐക്യത്തെ പിന്തുണച്ച് എ പി വിഭാഗവും. നാളെ കോട്ടക്കലില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇത് സംബന്ധിച്ച നിലപാട് പ്രഖ്യാപിക്കും.

സുന്നികള്‍ ഐക്യപ്പെടണം എന്നതില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ലെന്ന് എ പി സമസ്ത സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍  പറഞ്ഞു. നാളെ കോട്ടക്കലില്‍ വെച്ച് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തും. അന്തിമവാക്ക് കാന്തപുരം ഉസ്താദിന്റേതാണ്. എല്ലാ വ്യക്തതയും വിശദീകരണവും കാന്തപുരം ഉസ്താദ് നടത്തുമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.സുന്നി ഐക്യത്തെ സ്വാഗതം ചെയ്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍  സംസാരിച്ചിരുന്നു. സംഘടനാപരമായ ഭിന്നിപ്പുകള്‍ മൂലമൊക്കെ പുറത്തുപോയവര്‍ക്ക് അതൊക്കെ പറഞ്ഞു പരിഹരിച്ചു തിരിച്ചു വരാം. സുന്നി ഐക്യത്തെക്കുറിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അനുകൂലമായി പറയുന്നതില്‍ വളരെ സന്തോഷമുണ്ട്. കാന്തപുരം ഉസ്താദിന്റെ മകനും നല്ല രീതിയിലാണ് പ്രതികരിച്ചത്. സുന്നി ഐക്യം ആഗ്രഹിക്കുന്നവര്‍ അതിനു വേണ്ട സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിയാല്‍ മാന്യമായി തിരിച്ചു വരാം. പോയവര്‍ക്ക് എല്ലാം തിരിച്ചു വരാം. അവരെ തള്ളിപ്പറയാനൊന്നും പറ്റില്ല. നമ്മുക്ക് വേണ്ടപ്പെട്ടവരും അതെ ആശയം ഉള്ള ആളുകള്‍ തന്നെയായിരുന്നു അവര്‍. ഇതിനു മുന്‍പും ഐക്യ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ചില ഉപാധികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെടാത്തത്ത് കൊണ്ടാകാം നടക്കാതെ പോയത്. സിഐസി വിഷയത്തില്‍ സമസ്ത എതിര്‍ത്ത കാര്യങ്ങള്‍ തിരുത്തി അവര്‍ക്കും തിരിച്ചു വരാം. ആരെയും സ്വീകരിക്കാമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.