എനിക്ക് പ്രധാനം സമൂഹവും രാജ്യവും; കോൺഗ്രസുമായോ ബിജെപിയുമായോ ബന്ധമില്ല’; സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ പരാമർശം തള്ളി അണ്ണാ ഹസാരെ.

അഴിമതി വിരുദ്ധ സമരം ബിജെപിയും ആർഎസ്എസും ചേർന്ന് സംഘടിപ്പിച്ചതാണെന്ന സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ പരാമർശം തള്ളി അണ്ണാ ഹസാരെ. ഇത്രയും ഇടുങ്ങിയ കാഴ്ചപ്പാട് ശരിയല്ല. രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ചും ചിന്തിക്കണമെന്നും അണ്ണാ ഹസാരെ പറഞ്ഞു. സമൂഹവും രാജ്യവുമാണ് തനിക്ക് പ്രധാനം. കോൺഗ്രസുമായോ ബിജെപിയുമായോ ഒരു ബന്ധവുമില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു.മറ്റുള്ളവർ എന്താണ് എഴുതുന്നതെന്ന് ആശങ്കയില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും കുറിച്ച് ചിന്തിക്കുന്നില്ല എന്നും അണ്ണാ ഹസാരെ വ്യക്തമാക്കി. യുപിഎ സർക്കാരിനെ താഴെയിറക്കാൻ അണ്ണാ ഹസാരെ നടത്തിയ അഴിമതിവിരുദ്ധ സമരം ബിജെപിയും ആർഎസ്എസും ചേർന്ന് രഹസ്യമായി സംഘടിപ്പിച്ചതാണെന്നായിരുന്നു സോണിയ ഗാന്ധിയുടെ ഓർമകുറിപ്പ് ബിലോങ്ങിങ്, എ ജേർണി ഓഫ് ലവിൽ പറയുന്നത്. ഡൽഹിയിൽ അന്ന് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പ്രതിഷേധങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്നും ഒടുവിൽ സർക്കാരിന് അവരുടെ സമ്മർദത്തിന് വഴങ്ങി ലോക്പാൽ നിയമം പാസാക്കേണ്ടി വന്നുവെന്നും സോണിയ ഓർമക്കുറിപ്പിൽ പറയുന്നുണ്ട്.സോണിയ ഗാന്ധിയുടെ ഓർമകുറിപ്പിലെ വെളിപ്പെടുത്തലുകളിൽ വാക്ക്പോര് ശക്തമാവുകയാണ്. ഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയും ആം ആദ്മി പാർട്ടിയും. കോൺഗ്രസിന്റെ ചരിത്രം സിഖുകാർക്കും പഞ്ചാബികൾക്കും തീരാമുറിവുകൾ നൽകിയതാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് ആഞ്ഞടിച്ചു. സുവർണ ക്ഷേത്രത്തിലേക്ക് സൈന്യത്തെ അയച്ച നടപടി കോൺഗ്രസിന്റെ മതേതര നിലപാടിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് എഎപി നേതാവ് സൗരവ് ഭരദ്വാജും വ്യക്തമാക്കി.

