September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗികാതിക്രമങ്ങൾക്ക് ഉത്തരവാദി സർക്കാർ: എം കെ മുനീർ

SHARE

കോഴിക്കോട്: സിനിമാ മേഖലയിൽ തുടരുന്ന ലൈംഗികാതിക്രമങ്ങൾക്ക് ഉത്തരവാദി സർക്കാരാണെന്ന് എം കെ മുനീർ എംഎൽഎ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. റിപ്പോർട്ട് നടപ്പാക്കുമെന്ന് സർക്കാർ നാല് വർഷം മുൻപ് ഉറപ്പ് നൽകിയിരുന്നു. തന്റെ ഓഫീസിലുള്ള റിപ്പോർട്ട് മൂന്ന് വർഷമായിട്ടും വായിക്കാൻ മന്ത്രി സജി ചെറിയാന് കഴിഞ്ഞിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് ന‌ടപ്പാക്കാത്ത സർക്കാർ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. റിപ്പോർട്ടിലെ ശുപാർശകൾ പഠിക്കുകയാണെന്നാണ് എം കെ മുനീർ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് സാംസ്‌കാരിക മന്ത്രിയായിരുന്ന എ കെ ബാലൻ്റെ പ്രതികരണം. റിപ്പോർട്ടിന്റെ പകർപ്പ് എത്രയും വേ​ഗം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷം വിവരാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. സർക്കാരിൻ്റെ ഒളിച്ചുകളിയാണ് ഇതിൽ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ആകാശത്തുനിന്ന് എഫ് ഐ ആർ ഇടാനാകില്ലെന്നായിരുന്നു എ കെ ബാലൻ്റെ പ്രതികരണം. നിലവിലെ റിപ്പോർട്ട് പ്രകാരം കേസെടുക്കുന്നതിന് പ്രായോ​ഗിക തടസങ്ങളുണ്ട്. സർക്കാരിന് വ്യക്തിപരമായ പരാതികൾ ലഭിച്ചിട്ടില്ല. അത്തരത്തിൽ പരാതി ലഭിക്കുകയും അവ പ്രസിദ്ധീകരിക്കാൻ സാധിക്കുകയും ചെയ്താൽ മാത്രമേ കേസെടുക്കാൻ സാധിക്കൂവെന്നും എം കെ മുനീർ വ്യക്തമാക്കി. മൊഴി തന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്നത് ഹേമ കമ്മിറ്റിയുടെ ആവശ്യമായിരുന്നെന്നും കിട്ടിയ മൊഴികൾ പ്രകാരം നിയമനടപടി വേണമെന്ന് ഹേമ കമ്മിറ്റിക്ക് ആവശ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ൽ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണ് ഉള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷൻ്റെ ഇടപെടലിന് പിന്നാലെയാണ് ഓഗസ്റ്റ് 19ന് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സിനിമാ മേഖലയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് റിപ്പോർട്ട് പറഞ്ഞുവെക്കുന്നത്. റിപ്പോർട്ട് ശുപാർശ അതീവ പ്രാധാന്യത്തോടെ നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ക്രിയാത്മക ഇടപെടലാണ് സർക്കാർ നടത്തിയതെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. സിനിമ മേഖല കുത്തഴിഞ്ഞതാണെന്ന അഭിപ്രായമില്ല. അതിലെ സാങ്കേതിക പ്രവർത്തകർ അസന്മാർഗികളാണെന്നോ സർക്കാരിന് അഭിപ്രായമില്ല. ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരി എറിയുന്ന സമീപനം നമ്മുടെ സിനിമാ മേഖലയുടെ വളർച്ച തടയും. സിനിമക്ക് ഉള്ളിൽ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകൾ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.