കേരളത്തില്‍ അതിവേഗ റെയില്‍പാത അനിവാര്യം; പദ്ധതിക്ക് എന്ത് പേരിട്ടാലും സി.പി.എം പിന്തുണയ്ക്കുമെന്ന് എം.വി ജയരാജൻ

SHARE

 

കണ്ണൂർ : നാടിന്റെ വികസനത്തിന് ഏറ്റവും അനിവാര്യമായ അതിവേഗ റെയില്‍പാത പദ്ധതിക്ക് സി.പി.എം പൂർണ്ണ പിന്തുണ നല്‍കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ജയരാജൻ വ്യക്തമാക്കി.
മുൻ പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന ‘കെ റെയിലിന്’ പകരം ‘ഇന്ത്യ റെയില്‍’ എന്ന് പേരിട്ടായാലും സംസ്ഥാനത്ത് അതിവേഗ പാത വരണമെന്നാണ് സി.പി.എമ്മിന്റെ നിലപാടെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. വികസന പദ്ധതികളെ തുടക്കത്തിലേ നശിപ്പിക്കുന്ന സംസ്കാരമാണ് യൂത്ത് കോണ്‍ഗ്രസിന്റേതെന്നും എന്നാല്‍ സി.പി.എമ്മിന് അങ്ങനെയൊരു നിലപാടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാടിന്റെ പുരോഗതിക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങളെ പാർട്ടി എപ്പോഴും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യു.ഡി.എഫ് സർക്കാരിന്റെ പുതിയ അതിവേഗ പാതാ നീക്കങ്ങളെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു