September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 10, 2026

വർഗ്ഗീയവാദികളെ കൂട്ടുപിടിച്ച് പാർട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി?’; എ വിജയരാഘവനെതിരെ ഫ്ലക്സ്

SHARE

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ മലപ്പുറം തിരൂരില്‍ ഫ്ലക്സ്. ‘സഖാക്കളേ, വര്‍ഗ്ഗീയവാദികളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി ?, ഇവനോടല്ലേ നമ്മള്‍ കടക്ക് പുറത്ത് എന്ന് പറയേണ്ടത്’, എന്നാണ് ഫ്‌ളക്‌സില്‍ കുറിച്ചിരിക്കുന്നത്.’SAVE CPIM’ എന്ന പേരിലാണ് ഫ്ലക്‌സ് പ്രത്യക്ഷപ്പെട്ടത്. തിരൂര്‍ നഗരമധ്യത്തിലാണ് ഫ്ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ എസ്ഡിപിഐ നേതാവുമൊത്തുള്ള എ വിജയരഘവൻ്റെ ഭക്ഷണ വിരുന്ന് വീഡിയോ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മലബാറിലെ വിവിധ ജില്ലകളില്‍ നിന്നും വിജയരാഘവനെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് വീഡിയോ പുറത്തുവന്നത്.

എസ്ഡിപിഐ തിരൂര്‍ മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ഷാഫിയ്ക്കൊപ്പമുള്ള വീഡിയോയാണ് പുറത്ത് വന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസമായിരുന്നു കൂടിക്കാഴ്ച. ഷാഫിയും സുഹൃത്തുകളും പാട്ടുപാടുന്നതും വിജയരാഘവന്‍ ഭക്ഷണം കഴിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എസ്ഡിപിഐ നേതാവുമായുളള വിജയരാഘവന്റെ ബന്ധം എന്താണെന്നാണ് സിപിഐഎം അണികള്‍ ചോദിക്കുന്നത്.

 

വീഡിയോ വിവാദത്തിലായതിനെ പിന്നാലെ വിശദീകരണവുമായി എസ്ഡിപിഐ നേതാവും രംഗത്തെത്തിയിരുന്നു. സൗഹൃദ കൂടിക്കാഴ്ച്ച മാത്രമാണ് നടന്നതെന്നായിരുന്നു എസ്ഡിപിഐ നേതാവ് ഷാഫിയുടെ വിശദീകരണം. ‘തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് കൂടിക്കാഴ്ച നടന്നത്. കോഴിക്കോട് ടൗണിന്റെ നടുക്കുള്ള വീട്ടില്‍ ഞാനും എന്റെ സുഹൃത്തുക്കളും ഒത്തുകൂടിയതാണ്. അപ്രതീക്ഷിതമായി വിജയരാഘവന്‍ കോഴിക്കോട് ഉണ്ടെന്നറിഞ്ഞു, അദ്ദേഹം ഭക്ഷണം കഴിക്കാതെ പോകരുതെന്ന് എന്റെ സുഹൃത്ത് പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവിടെ വന്നു. ഭക്ഷണം വന്നു. കരോക്കെയുണ്ട്. പാട്ടിന്റെ സൂക്കേട് ഉള്ള ആളുകളാണ്. പത്ത് മിനിറ്റില്‍ ഭക്ഷണം കഴിച്ചു. ഫോട്ടോയെടുത്തു. അവിടെ വന്നു ഭക്ഷണം കഴിച്ചത് മാരകമായ തെറ്റാണോ?’ എന്നാണ് ഷാഫി ചോദിച്ചത്.വീഡിയോ വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റും രംഗത്തെത്തി. എ വിജയരാഘവനെതിരായ വ്യക്തിഹത്യ അപലപനീയമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു.