തലസ്ഥാനത്തെ വെള്ളക്കെട്ട്: ‘മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ല, ഇത് സർക്കാരിന്റെ പരാജയം’: വി ശിവൻകുട്ടി

തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണം നടത്താത്തതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലുണ്ടായ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് നഗരസഭ കവാടത്തിൽ എൽഡിഎഫിന്റെ സത്യാഗ്രഹ സമരം. ഈ സമരത്തിന് സംരക്ഷണം നൽകേണ്ടത് പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ സമരങ്ങളിൽ ഉണ്ടായത് പോലെ ഇന്ന് ഉണ്ടാകരുതെന്നു പറഞ്ഞ അദ്ദേഹം സംഘർഷാവസ്ഥ സൃഷ്ടിക്കാൻ മേയർ ശ്രമിക്കുമെന്നും പറഞ്ഞു. മനോരമയുടെയും മാതൃഭൂമിയുടെയും പത്ര കട്ടിങ്ങുകൾ ഉയർത്തിക്കാട്ടി, എൽ ഡി എഫിനെ എതിർക്കുന്നവർ തന്നെ യാഥാർത്ഥ്യങ്ങൾ പറയുന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു. മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത് സർക്കാരിന്റെ പരാജയമാണ്.
കോർപറേഷൻ തലത്തിലും ചർച്ചകൾ ഉണ്ടായില്ല. ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല.
കോർപറേഷനിലൂടെ പോകുന്ന വെള്ളം മാത്രമേ ശുദ്ധിയാകൂ എന്നാണ് മേയർ പറയുന്നത്. മേയർ ബിജെപിയുടെത് മാത്രമല്ല. എൽഡിഎഫ് കൗൺസിലർമാരോട് അവഗണന കാണിക്കുന്നു. കൗൺസിൽ യോഗത്തിന് എത്തുന്നത് 500 അജണ്ടയുമായാണ്. ഒരുതരത്തിലും അത് അംഗീകരിക്കാൻ കഴിയില്ല. ലോകം അവസാനിക്കുന്നത് വരെ ഈ ഭൂരിപക്ഷത്തിൽ ഇരിക്കാമെന്ന് കരുതണ്ട. സ്വതന്ത്രന്മാരുടെ പിന്തുണ കൊണ്ട് മാത്രമാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. മേയറുടെ അഹങ്കാരവും ധിക്കാരവും മുന്നോട്ടു കൊണ്ടുപോകാനും കഴിയില്ല. മേയർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

