September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 10, 2026

വിലക്കുറവിൽ പ്രതിഷേധം; മുംബൈയിൽ ദേശീയപാത ഉപരോധിച്ച് ഉള്ളിക്കർഷകർ

SHARE

മഹാരാഷ്ട്രയിൽ ഉള്ളിക്കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ പ്രഖ്യാപിച്ച സംഭരണവില അപര്യാപ്തമാണെന്നാരോപിച്ച് മഹാവികാസ് അഘാഡി നേതാക്കളുടെ നേതൃത്വത്തിൽ ഉള്ളിക്കർഷകർ മുംബൈ–ആഗ്ര ദേശീയപാത ഉപരോധിച്ചു. പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെട്ടു.

കഴിഞ്ഞ ദിവസം മുംബൈ–ആഗ്ര ദേശീയപാതയിൽ നടന്ന പ്രതിഷേധ സമരത്തിൽ മഹാവികാസ് അഘാഡി നേതാക്കളും നൂറുകണക്കിന് കർഷകരും പങ്കെടുത്തു. കാളവണ്ടിയിൽ കയറി നേതാക്കൾ റാലിക്ക് നേതൃത്വം നൽകി. ദേശീയപാത ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിക്കുകയും നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങുകയും ചെയ്തു.

ചില പ്രതിഷേധക്കാർ ദേശീയപാതയിൽ കുടുങ്ങിയ വാഹനങ്ങളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. തുടർന്ന് പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കുകയും, എൻ.സി.പി. (എസ്.പി.) ശരദ് പവാർ പക്ഷം എം.എൽ.എ. രോഹിത് പവാർ, ശിവസേന (യു.ബി.ടി.) നേതാവ് അംബാദാസ് ദൻവെ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർധൻ സപ്കൽ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഉള്ളിക്ക് സർക്കാർ ക്വിൻഡലിന് 1,580 രൂപ സംഭരണവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇത് പര്യാപ്തമല്ലെന്നാണ് കർഷകരുടെ ആരോപണം. കിലോയ്ക്ക് കുറഞ്ഞത് 24 രൂപ എങ്കിലും ലഭിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ചില കർഷകർക്ക് അവരുടെ വിളവിന് ക്വിൻഡലിന് 200 മുതൽ 300 രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം, പ്രതിപക്ഷത്തിന്റെ ദേശീയപാത ഉപരോധ സമരം ഫോട്ടോഷൂട്ടിനുള്ള അവസരം മാത്രമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പരിഹസിച്ചു. ഉള്ളിക്കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രതല ചർച്ചയിലൂടെ പരിഹാരത്തിന് വഴിയൊരുങ്ങുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രകടിപ്പിച്ചു. എന്നാൽ കർഷകരുടെ കാലങ്ങളായുള്ള പ്രശ്നങ്ങൾക്ക് വാഗ്ദാനങ്ങൾക്കപ്പുറം സർക്കാർ തലത്തിൽ എന്ത് പരിഹാരമാണ് രൂപപ്പെടുക എന്നതിലേക്കാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്