November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

ആറ്റുകാൽ പൊങ്കല, CBSE പരീക്ഷ മാറ്റിവെക്കണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ.

SHARE

ആറ്റുകാൽ പൊങ്കാല ദിനത്തിലെ സിബിഎസ്ഇ പരീക്ഷ മാറ്റിവെക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2027 ഫെബ്രുവരി 22 നാണ് ആറ്റുകാൽ പൊങ്കാല. അന്നേ ദിവസമാണ് സിബിഎസ്ഇ പത്താം ക്ലാസ് സയൻസ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരി 22-ന് തിരുവനന്തപുരത്ത് നടക്കുന്ന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സി.ബി.എസ്.ഇ പത്താം ക്ലാസ് ശാസ്ത്ര പരീക്ഷയും പന്ത്രണ്ടാം ക്ലാസിലെ ഓട്ടോമോട്ടീവ്, ഫാഷൻ സ്റ്റഡീസ്, എൻ.സി.സി പരീക്ഷകളും നടത്താൻ തീരുമാനിച്ചത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്കിടയാക്കുന്നു.

പൊങ്കാലദിനത്തിലെ ഗതാഗത നിയന്ത്രണങ്ങളും തിരക്കും പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയെ ബാധിക്കുമോയെന്നതാണ് പ്രധാന ആശങ്ക. പൊങ്കാലയോടനുബന്ധിച്ച് ആയിരക്കണക്കിന് സ്ത്രീകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തുചേർന്ന് പൊങ്കാല അർപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിൽ വൻ ജനത്തിരക്കുണ്ടാകുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ചില റോഡുകളിൽ താൽക്കാലിക ഗതാഗത നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതോടെ പൊതുഗതാഗത സംവിധാനങ്ങളെയും ബാധിക്കാനിടയുണ്ട്. പൊങ്കാലദിനത്തിൽ തിരുവനന്തപുരത്ത് പ്രാദേശിക അവധിയുമാണ്.

ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കൃത്യസമയത്ത് പരീക്ഷാകേന്ദ്രങ്ങളിൽ എത്താനാകുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. സ്കൂൾ ബസുകളുടെ സർവീസ് തടസ്സപ്പെടാനുള്ള സാധ്യതയും കുട്ടികളെ സ്വന്തം വാഹനങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കേണ്ടിവരുന്ന രക്ഷിതാക്കൾ നേരിടാനിടയുള്ള യാത്രാപ്രതിസന്ധിയും ആശങ്ക വർധിപ്പിക്കുന്നു. പരീക്ഷാ തീയതികൾ രാജ്യത്തുടനീളം ഏകീകൃതമായതിനാൽ മാറ്റം വരുത്തുക എളുപ്പമല്ലെന്ന് സി.ബി.എസ്.ഇ സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ചീഫ് പാട്രൺ ഇബ്രാഹിം ഖാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.തിരുവനന്തപുരത്തെ സ്കൂളുകൾ ഇക്കാര്യത്തിൽ നിവേദനം സമർപ്പിക്കുകയാണെങ്കിൽ അത് തിരുവനന്തപുരത്തെ സി.ബി.എസ്.ഇ മേഖലാ ഓഫീസിൽ നൽകാം,” അദ്ദേഹം വ്യക്തമാക്കി. ഇതിനുമുമ്പും പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് സി.ബി.എസ്.ഇ പരീക്ഷകളുടെ തീയതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2013-ൽ ഓണാവധിയുമായി പരീക്ഷാ തീയതികൾ ഒത്തുവന്നതിനെത്തുടർന്ന് കേരളത്തിലെ പരീക്ഷകൾ പുനഃക്രമീകരിച്ചിരുന്നു. 2017-ൽ തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി പരീക്ഷാ തീയതികൾ ഒരുമിച്ചുവന്നപ്പോഴും പരീക്ഷകൾ മാറ്റിവച്ചിരുന്നു.