സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി

SHARE

കണ്ണൂർ: 47-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് ജില്ലയിൽ തുടക്കമായി. തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന ചടങ്ങ് കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി ഒ മോഹനൻ എം എൽ എ അധ്യക്ഷനായി. 15 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് കണ്ണൂർ വേദിയാകുന്നത്. മൂന്നു ദിവസങ്ങളിലായി തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിലും പരിസരങ്ങളിലുമായി നടക്കുന്ന കലോത്സവത്തിൽ 14 ജില്ലകളിൽ നിന്നുള്ള 39 ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളിലെയും 9 ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിലെയും 1500 ഓളം വിദ്യാർഥികൾ പങ്കെടുക്കും. 42 വ്യക്തിഗത ഇനങ്ങളിലും 10 ഗ്രൂപ്പ് ഇനങ്ങളിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, ഗവ.പോളിടെക്നിക് കോളേജ്, ഗവ.ഐടിഐ., വി എച്ച് എസ് എസ്, ജി ഐ എഫ് ഡി തുടങ്ങി 10 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരാർഥികൾക്കായി തോട്ടടയിലെയും പരിസരങ്ങളിലെയും 15 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ജയപ്രകാശ്,രാമചന്ദ്രൻ കടന്നപ്പള്ളി,കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സോന ജയറാം, ലിഷ ദീപക്, കൗൺസിലർമാരായ പി മഞ്ജുഷ, കെ പി ശ്രുതി, ടി പി ഹസ്ലിം ജനപ്രതിനിധികൾ,രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.