October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചന്റെ മൃതദേഹം സംസ്കരിച്ചു

SHARE

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചന്റെ സംസ്കാര ചടങ്ങുകൾ എറണാകുളം നെടുമ്പാശ്ശേരി അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കോബായ കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ നടന്നു. പെരുമ്പാവൂർ ആശ്രമം സ്കൂളിനു മുന്നിലെ വസതിയിലെ പൊതുദർശനത്തിനു ശേഷം മൂന്നരയോടെയാണ് മൃതദേഹം പള്ളിയിൽ എത്തിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടാണ് സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്ന പി.പി.തങ്കച്ചൻ വിടവാങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉൾപ്പെടെ നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചിരുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി പൊതുരംഗത്ത് സജീവമായിരുന്നില്ലെങ്കിലും, ദീർഘകാലം കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ച തലയെടുപ്പുള്ള നേതാവായിരുന്നു പി പി തങ്കച്ചൻ. നിയമസഭാ സ്പീക്കർ, കൃഷി മന്ത്രി, യുഡിഎഫ് കൺവീനർ, കെ പി സി സി പ്രസിഡൻറ് അങ്ങനെ സുപ്രധാനപദവികൾ എല്ലാം പല ഘട്ടങ്ങളിലായി അദ്ദേഹത്തെ തേടിയെത്തി.

1939 ജൂലൈ 29ന് അങ്കമാലിയിലാണ് ജനനം. വിദ്യാർത്ഥി നേതാവായും അഭിഭാഷകനായും നന്നേ ചെറുപ്പത്തിൽ പേരെടുത്തു. 1968 ൽ പെരുമ്പാവൂർ നഗരസഭ ചെയർമാനാണ് പൊതുരംഗത്തേക്കുള്ള പ്രവേശനം. 1977 മുതൽ 89 വരെ എറണാകുളം ഡിസിസി പ്രസിഡണ്ട്, 2004 മുതൽ 2018 വരെ തുടർച്ചയായ 14 വർഷം യുഡിഎഫ് കൺവീനർ, 2004ൽ മുരളീധരൻ സ്ഥാനമൊഴിഞ്ഞപ്പോൾ കെപിസിസിയുടെ താൽക്കാലിക അധ്യക്ഷൻ, അങ്ങനെ വലതു രാഷ്ട്രീയത്തിലെ സുപ്രധാന പദവികൾ ഒക്കെയും അദ്ദേഹം അലങ്കരിച്ചു.

1982 മുതൽ 96 വരെ പെരുമ്പാവൂർ എം എൽ എ ആയിരുന്നു. രണ്ടാം എ കെ ആൻറണി മന്ത്രിസഭയിൽ കൃഷി മന്ത്രി എന്ന നിലയിലും പ്രവർത്തിച്ചു. 1991- 95ലെ കെ കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് നിയമസഭാ സ്പീക്കർ ആയിരുന്നു. 96- 2001 നിയമസഭയിൽ പ്രതിപക്ഷ ചീപ്പുമായി. കോൺഗ്രസിലെ ഐ ഗ്രൂപ്പിൻറെ ശക്തനായ തേരാളി ആയിരിക്കുമ്പോഴും എല്ലാ കോൺഗ്രസ് നേതാക്കളുമായും ഗ്രൂപ്പുകൾക്ക് അതീതമായ അടുപ്പം പി പി തങ്കച്ചന് ഉണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളുമായുള്ള നല്ല വ്യക്തിബന്ധം എക്കാലവും സൂക്ഷിച്ച നേതാവായിരുന്നു പി പി തങ്കച്ചൻ. കോൺഗ്രസിലെ എക്കാലത്തെയും സൗമ്യമുഖമാണ് തങ്കച്ചന്റെ വേർപാടിലൂടെ ഇല്ലാതാകുന്നത്.