ഈ വർഷം മുതൽ എൽപി സ്‌കൂളുകളിൽ കായിക പഠനം തുടങ്ങും: മന്ത്രി വി അബ്ദുറഹ്മാൻ
1 min read

ഈ അധ്യയന വർഷം മുതൽ കേരളത്തിലെ എൽ പി സ്‌കൂളുകളിൽ കായികം ഒരു ഇനമായി പഠിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ചുണ്ടയിലെ പെരിങ്ങോം ജി വി എച്ച് എസ് ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കായിക പരിശീലനം ഒരു വിഷയമായി പഠിപ്പിക്കാൻ അധ്യാപകർക്കുള്ള കൈപ്പുസ്തകം ഉടൻ ലഭിക്കും. ഇത് സംബന്ധിച്ച് വിദ്യാർഥികൾക്കുള്ള പാഠപുസ്തകം ഒക്ടോബറിൽ ലഭ്യമാകും. കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലെ തെരഞ്ഞെടുത്ത 25 സ്‌കൂളുകളിൽ കായിക പഠനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നുണ്ട്. ഇവിടെയുള്ള കുട്ടികളെ വിദഗ്ധരായ ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഗുണപരമായ മാറ്റങ്ങൾ കണ്ടെത്തി. പഠന കാര്യത്തിൽ ആ കുട്ടികളുടെ ഉത്സാഹം വർധിച്ചിട്ടുണ്ട്. അതിനാൽ കായികപഠനം ശുഭകരമായ തുടക്കമായാണ് സർക്കാർ കാണുന്നത്. പി ടി പിരിയഡുകളിലാണ് വിഷയം പഠിപ്പിക്കേണ്ടത്. ഇതിനെ അധ്യാപകരും രക്ഷിതാക്കളും പ്രോത്സാഹിപ്പിക്കണം. കായിക താരങ്ങളെ വാർത്തെടുക്കുക മാത്രമല്ല കുട്ടികളെ ചെറുപ്പത്തിൽ തന്നെ ജീവിത ശൈലി രോഗങ്ങളിൽ നിന്നും രക്ഷിക്കുകയുമാണ് ഇതിന്റെ ഉദ്ദേശം. നിത്യജീവിതത്തിൽ സ്ഥിരോത്സാഹമുള്ളവരായി വിദ്യാർഥികളെ മാറ്റണമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ജില്ലാ തലത്തിലാണ് സ്‌പോർട്‌സ് കൗൺസിലുള്ളത്. താഴെത്തട്ടിൽ കായിക പ്രവർത്തനം ഏകോപിപ്പിക്കാൻ പഞ്ചായത്ത് തല സ്‌പോർട്‌സ് കൗൺസിലുകൾ ഈ വർഷം പ്രവർത്തനം ആരംഭിക്കും. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്. കായിക മേഖലയിൽ നേരിയ തോതിൽ കേരളം പിന്നോട്ട് പോയതിന് ഇതിലൂടെ പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് ഗ്രൗണ്ട് നവീകരിക്കുന്നത്. എൽ ഇ ഡി അരീന ലൈറ്റ് സംവിധാനത്തോടെയുള്ള ഇന്റർ വോളിബോൾ കോർട്ട്, ഫ്‌ളഡ് ലൈറ്റ് മഡ് ഫുട്‌ബോൾ കോർട്ട്, ശുചിമുറി ബ്ലോക്ക്, ഫെൻസിങ്ങ് എന്നിവയാണ് ഒരുക്കുക. ചടങ്ങിൽ ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ പി എം മുഹമ്മദ് അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്‌സാണ്ടർ, ജില്ലാ പഞ്ചായത്ത് അംഗം എം രാഘവൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ സി പൗലോസ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ, സ്‌കൂൾ പ്രിൻസിപ്പൽ ജെ ജയൻ, സ്റ്റാഫ് സെക്രട്ടറി ഷിൻസി മോൾ, പി ടി എ പ്രസിഡണ്ട് ജോജി എം തോമസ്, സ്‌കൂൾ സംരക്ഷണ സമിതി ചെയർമാൻ കെ ഡി അഗസ്റ്റ്യൻ, അധ്യാപക-രക്ഷകർത്താക്കൾ, പൂർവ്വ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
