ആശുപത്രി വികസനം ചര്‍ച്ച ചെയ്യാന്‍ മന്ത്രി എത്തി, ഇത് വളരെ നല്ല കാര്യമാണ്.; വീണാ ജോര്‍ജിനെ പ്രശംസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
1 min readആശുപത്രി വികസനം ചര്‍ച്ചചെയ്യാന്‍ മണ്ഡലത്തിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ‘തന്റെ മണ്ഡലത്തില്‍ ആശുപത്രി വികസനം ചര്‍ച്ച ചെയ്യാന്‍ ഒരു ആരോഗ്യമന്ത്രി നേരിട്ട് എത്തുന്നത് ആദ്യമാണ്. ഇത് വളരെ നല്ല കാര്യമാണ്. അക്കാര്യത്തില്‍ മന്ത്രിയെ അഭിനന്ദിക്കുന്നു. ആശുപത്രി വികസനത്തിന് ഇതേറെ സഹായിക്കും. എംഎല്‍എ എന്ന നിലയില്‍ പൂര്‍ണ പിന്തുണ നല്‍കും’- തിരുവഞ്ചൂര്‍ പറഞ്ഞു.ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി കോട്ടയം കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് തിരുവഞ്ചൂര്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ ഇക്കാര്യം അറിയിച്ചത്. തന്റെ മണ്ഡലത്തിലെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ മന്ത്രിയോടൊപ്പം തിരുവഞ്ചൂര്‍ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. ചീഫ് വിപ്പ് പ്രൊഫ. ജയരാജ്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, സി കെ ആശ, ജോബ് മൈക്കിള്‍ തുടങ്ങിയവരും മന്ത്രിയെ അഭിനന്ദിച്ചു. പ്രായോഗിക പ്രശ്നങ്ങള്‍ നേരില്‍ കണ്ട് പരിഹരിക്കാന്‍ ഇങ്ങോട്ടെത്തുന്നത്, മന്ത്രി നടത്തുന്നത് വളരെ നല്ല ഇടപെടലാന്നെന്നും അവര്‍ അഭിനന്ദിച്ചു.കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ വൈദ്യുതി പ്രശ്‌നത്തിന് മന്ത്രി ഇടപെട്ട് പരിഹാരം കണ്ടു. ആശുപത്രിയിലെത്തിയ മന്ത്രിയോടെ ഇടയ്ക്കിടെ വൈദ്യുതി പോകുന്നതിന്റെ കഷ്ടപാട് രോഗികള്‍ പറഞ്ഞിരുന്നു. ഉടന്‍ തന്നെ മന്ത്രി ഇടപെടുകയും അടിയന്തരമായി ജനറേറ്റര്‍ ശരിയാക്കാന്‍ സൂപ്രണ്ടിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇക്കാര്യം ജില്ലാ കളക്ടറോടും അവലോകന യോഗത്തില്‍ പറഞ്ഞു. പഴയ കെട്ടിടത്തിലെ വയറിംഗ് പ്രശ്നം ആണെങ്കില്‍ വിദഗ്ധ പരിശോധന നടത്തി പരിഹാരം കണ്ടെത്താനും നിര്‍ദ്ദേശം നല്‍കി. മൂലമറ്റത്തെ അറ്റകുറ്റപണി കാരണമാണ് മുഴുവന്‍ വൈദ്യുതി വിതരണത്തിലും കൂടുതല്‍ പ്രശ്‌നമായത്. അതും പരിഹരിച്ചു.