ഇരിട്ടി നഗരസഭാ കനിവ് കിഡ്നി പേഷ്യന്റ്‌സ് വെൽഫെയർ സൊസൈറ്റി നിർവാഹക സമിതി യോഗം ചേർന്നു .

ഇരിട്ടി: സാമ്പത്തിക പ്രതിസന്ധിമൂലം ഉഴലുന്ന വൃക്ക രോഗികൾക്കു കൈത്താങ്ങായി മാറിയ ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനം നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ ഫണ്ട് ശേഖരണ ക്യാംപെയ്നിലൂടെ വിപുലപ്പെടുത്താൻ തീരുമാനം. നഗരസഭാതലത്തിൽ മുഴുവൻ ഭവനങ്ങളും സന്ദർശിക്കാനും മേഖലയിലെ വ്യക്തികളെയും സംഘടനകളെയും സമീപിച്ച് ധനസമാഹരണം നടത്താനും ഇരിട്ടി നഗരസഭാ കനിവ് കിഡ്നി പേഷ്യന്റ്‌സ് വെൽഫെയർ സൊസൈറ്റി നിർവാഹക സമിതി യോഗം തീരുമാനിച്ചു.
നാലു മാസമായി ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ മുടങ്ങിയ നിലയിലാണ് ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത്. 2019 മെയ് 20 ന് താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് ജനകീയ സഹകരണത്തോടെ ഫണ്ട് സമാഹരിച്ചാണ് പ്രവർത്തിക്കുന്നത്. തുടക്കത്തിൽ ഒരുഷിഫ്റ്റാണ് പ്രവർത്തിച്ചിരുന്നത്. 2023 സെപ്റ്റംബർ 18 ന് 2-ാം ഷിഫ്റ്റും പ്രവർത്തനം ആരംഭിച്ചതോടെ 36 രോഗികൾക്ക് ഇപ്പോൾ ഡയാലിസിസ് ചെയ്തു നൽകുന്നുണ്ട്. ഇതുവരെ 24249 ഡയാലിസിസ് നടത്തി. ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, പായം, ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളും ആണു താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെ പരിധിയിൽ വരുന്നത്. 330 പേരാണ് ഡയാലിസിസിന് അവസരം തേടിഅപേക്ഷ നൽകിയിരുന്നത്. 2 ഷിഫ്റ്റുകൾ പ്രാവർത്തികമാക്കിയപ്പോഴും 293 പേരെയാണ് പരിഗണിക്കാൻ സാധിച്ചിട്ടുള്ളത്. 3-ാം ഷിഫ്റ്റ് കൂടി തുടങ്ങിയാൽ അവശേഷിച്ചവരെ കൂടി പരിഗണിക്കാനാകുമെന്ന് വിലയിരുത്തിയ നിർവാഹക സമിതി യോഗം ഇതുൾപ്പെടെ പ്രാവർത്തികമാക്കാൻ 1 വർഷം വേണ്ട 1.5 കോടിയോളം രൂപ കണ്ടെത്തുന്നതിനുള്ള സാഹചര്യങ്ങളും പരിശോധിച്ചു. നഗരസഭയുടെ തനതുഫണ്ടും താലൂക്ക് ആശുപത്രി സഹകരണവും ഉപയോഗപ്പെടുത്തുന്നതിന് പുറമേ നിലവിലുള്ള ജീവനക്കാരുടെ സേവനം തന്നെ ഉപയോഗപ്പെടുത്തി 3-ാം ഷിഫ്റ്റ് തുടങ്ങുമ്പോൾ പോലും മാസം 3 ലക്ഷം രൂപ വീതം കനിവ് സൊസൈറ്റി കണ്ടെത്തി നൽകണം. ഇരിട്ടി നഗരസഭാ ചെയർമാൻ വി.വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്സൻ കെ. സോയ, സ്ഥിരം സമിതി അധ്യക്ഷൻ ആർ.കെ.ഷൈജു, കൗൺസിലർ പി.വി.ജിഷ, താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ സി.പി. സലീം, കനിവ് സൊസൈറ്റി സെക്രട്ടറി അയൂബ് പൊയിലൻ, ട്രഷറർ പി.പി. അശോകൻ, പി.എം. രവീന്ദ്രൻ, തോമസ് വർഗീസ്, എൻ.വി. രവീന്ദ്രൻ, സദാനന്ദൻകുയിലൂർ, പി.വി ബാബു, മുസ്തഫ ഹാജി, ഡയാലിസിസ് യൂണിറ്റ് ഇൻ ചാർജ് നഴ്സ് പി.പി. ജയശ്രി, താലൂക്ക് ആശുപത്രി പിആർഒ കെ. രേഷ്മ, അക്കൗണ്ടന്റ് കെ. അഞ്ചു, ബി.എൽ. ശിൽപ സദാനന്ദ് എന്നിവർ സംസാരിച്ചു.
ഇരിട്ടി നഗരസഭാതല ഫണ്ട് ശേഖരണ ക്യാംപെയ്ൻ 3 ഘട്ടങ്ങളിലായി നടപ്പാക്കും. 13 ന് ചേരുന്ന നഗരസഭാ കൗൺസിൽ യോഗം പ്രതിസന്ധി ചർച്ച ചെയ്യും. 21 ന് 4 ന് ഇരിട്ടി ടൗണിൽ വിപുലമായ സംഘാടക സമിതി രൂപീകരിക്കും. 24, 25, 26 തീയതികളിൽ 34 വാർഡുകളിലും വാർഡുതല സംഘാടരകസമിതി രൂപീകരിക്കും. മാർച്ച് 5 നുള്ളിൽ വാർഡ്തല സംഘാടക സമിതി വിവിധ സ്‌ക്വാഡുകളായി ഭവന സന്ദർശനം നടത്തി ഫണ്ട് ശേഖരിക്കും. ഇരിട്ടി ടൗണിൽ നഗരസഭയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ചും ഫണ്ട് സമാഹരണം നടത്തും.

