പ്രചരിക്കുന്നത് എഐ നിർമിത ചിത്രം, ജനകീയനായ എംപിയെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമം: DCC സെക്രട്ടറി

കുറ്റ്യാടിയിൽ യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്കിടെ ഉണ്ടായ നേതാക്കന്മാരുടെ പിടിവലിയിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ. പ്രചരിക്കുന്നത് എഐ നിർമിത ചിത്രങ്ങളാണെന്ന് പ്രമോദ് കക്കട്ടിൽ പറഞ്ഞു. ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഇടതുപക്ഷമാണ്. ജനകീയനായ എംപിയെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രമോദ് കക്കട്ടിൽ ആരോപിച്ചു.
ഷാഫി പറമ്പിൽ പ്രമോദ് കക്കട്ടിലിന്റെ കഴുത്തിൽ പിടിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പരിപാടി വൈകിയതിനാൽ ഷാഫി സംസാരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതാണെന്നും സംഘാടകരാണ് അദ്ദേഹത്തെ നിർബന്ധിച്ചതെന്നും ഡിസിസി സെക്രട്ടറി വിശദീകരിച്ചു.

