ചൂട് ചായയ്ക്കൊപ്പം കറുമുറെ കഴിക്കാൻ അച്ചപ്പം ഉണ്ടാക്കാം

വൈകുന്നേരം നല്ല ചൂട് ചായയ്ക്കൊപ്പം കറുമുറെ കഴിക്കാൻ എന്താ ഉണ്ടാക്കുക എന്ന് ഓർത്തിരിക്കുകയാണോ ? എന്നാൽ ഇന്ന് അടുക്കളയിലെ താരം അച്ചപ്പം ആയാലോ ? വീട്ടിൽ ഉണ്ടാക്കിയാൽ കടയിൽ നിന്നും വാങ്ങുമ്പോഴുള്ള ആ ക്രിസ്പിനെസ് കിട്ടുമോയെന്ന പേടി വേണ്ട, നല്ല കിടിലൻ അച്ചപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലേ ?
അവശ്യ ചേരുവകൾ
മുട്ട – 1 എണ്ണം
പഞ്ചസാര – ¼ കപ്പ്
ഉപ്പ് – 1 പിഞ്ച്
കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ – 1 കപ്പ് (250 ml)
വെള്ളം- ആവശ്യത്തിന്
വറുത്ത അരിപ്പൊടി – 1½ കപ്പ് (250 gm)
എള്ള് – ¾ ടീസ്പൂൺ
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, പഞ്ചസാര, ഉപ്പ്, ഒന്നാം തേങ്ങാപ്പാൽ, വെള്ളം (അല്ലെങ്കിൽ രണ്ടാം പാൽ) എന്നിവ ചേർത്ത് ഏകദേശം അര മിനിറ്റ് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടി ചേർത്ത് ഒരു സ്പൂൺ കൊണ്ട് ഒന്ന് ഇളക്കിയ ശേഷം വീണ്ടും മിക്സിയിൽ ഒരു മിനിറ്റ് നേരം ബ്ലെൻഡ് ചെയ്യുക. തയ്യാറാക്കിയ മാവ് ഒരു ബൗളിലേക്ക് മാറ്റുക. മാവിന്റെ പരുവം ദോശമാവിനേക്കാൾ അല്പം കൂടി ലൂസ് ആയിരിക്കണം. മാവ് അധികം ലൂസാണെങ്കിൽ അല്പം അരിപ്പൊടിയും, കട്ടിയാണെങ്കിൽ അല്പം വെള്ളവും ചേർത്ത് ക്രമീകരിക്കാവുന്നതാണ്. അവസാനമായി ഇതിലേക്ക് കറുത്ത എള്ള് ചേർത്ത് ഇളക്കി യോജിപ്പിക്കുക.ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കാൻ വയ്ക്കുക. കൂടെ അച്ചപ്പത്തിന്റെ അച്ചും എണ്ണയിലിട്ട് നന്നായി ചൂടാക്കണം. എണ്ണ നന്നായി ചൂടായോ എന്ന് പരിശോധിക്കാൻ അല്പം മാവ് എണ്ണയിലേക്ക് ഒഴിച്ചു നോക്കുക; അത് ഉടൻ പൊങ്ങി വരുന്നുണ്ടെങ്കിൽ എണ്ണ പാകമായി. ചൂടായ അച്ചെടുത്ത് മാവിൽ മുക്കുക. അച്ചിന്റെ മുക്കാൽ ഭാഗം മാത്രം മാവിൽ മുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാവ് കോട്ട് ചെയ്ത അച്ച് എണ്ണയിൽ മുക്കി ഏകദേശം ആറേഴ് സെക്കൻഡ് പിടിക്കുക. സ്റ്റൗ മീഡിയം ഫ്ലെയിമിൽ വെക്കുക. അച്ച് ചെറുതായി കുലുക്കി അച്ചപ്പം എണ്ണയിലേക്ക് വിടുക. ഓരോ തവണ മാവിൽ മുക്കുന്നതിന് മുൻപും അച്ച് എണ്ണയിലിട്ട് ചൂടാക്കാൻ മറക്കരുത്. അച്ചപ്പം ലൈറ്റ് ഗോൾഡൻ നിറമാകുമ്പോൾ മറിച്ചിടുക. രണ്ടു വശവും ഫ്രൈ ആയ ശേഷം എണ്ണയിൽ നിന്നും കോരിയെടുക്കാം. അച്ചപ്പം ചൂടാറിയ ശേഷം ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ അടച്ചു സൂക്ഷിക്കുക.

