വോട്ട് ചെയ്യാനാവില്ല, വാഹനമോടിക്കാനാവില്ല, പക്ഷെ ബുംറയെ സിക്സറടിക്കാനാകും’; വൈഭവിനെ കുറിച്ച് അശ്വിൻ.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മുംബൈ ഇന്ത്യൻസിന്‍റെ ജസ്പ്രീത് ബുംറയെ ഭയമില്ലാതെ നേരിട്ട വൈഭവിന്‍റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അശ്വിൻ പറഞ്ഞു.എനിക്ക് വൈഭവിനോട് ഒരൊറ്റ ചോദ്യമേയുള്ളൂ. നിനക്ക് പന്തെറിഞ്ഞ ആ ബൗളറുടെ പേര് ജസ്പ്രീത് ബുംറ എന്നാണ്. ലോകമെമ്പാടും ഇന്ത്യയെ ജയിപ്പിച്ച ബൗളർ. അവൻ റണ്ണപ്പ് തുടങ്ങുമ്പോള്‍ പലര്‍ക്കും മുട്ടിടിക്കും. എന്നിട്ടാണ് ഈ പയ്യൻ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തുന്നത്- അശ്വിൻ പറഞ്ഞു.
വൈഭവിന്‍റെ പേരും നമ്പറും എഴുതിയ ജേഴ്സിയണിഞ്ഞ് ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകുന്ന കാലം വിദൂരമല്ല. സഞ്ജു സാംസണ് വേണ്ടി ഞാൻ ആഗ്രഹിച്ചതുപോലെ തന്നെ വൈഭവിനും എല്ലാ ഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേർത്തു.

