November 25, 2026

‘ആദം നീ എവിടെ ആകുന്നു’; വിഡി സതീശന്റെ പുസ്തകം പുറത്തിറക്കി, ഔദ്യോഗിക പ്രകാശനം പിന്നീട്

SHARE

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ബൈബിള്‍ പ്രഭാഷണ പുസ്തകവുമായി വി ഡി സതീശന്‍. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം ഡി സി ബുക്‌സ് പുറത്തിറക്കി. ഔദ്യോഗിക പ്രകാശനം പിന്നീട് നടക്കും. ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം എന്നാണ് കവര്‍പേജില്‍ എഴുതിയിട്ടുള്ളത്. ദൈവത്തെ അന്വേഷിക്കുന്ന പുസ്തകമാണിതെന്ന് അവതാരികയില്‍ ഡോ. സിറിയക് തോമസ് കുറിച്ചിരിക്കുന്നു.വളര്‍ന്നതും പഠിച്ചതുമെല്ലാം ക്രിസ്ത്യന്‍ ചുറ്റുപാടിലായതു കൊണ്ട്, ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതല്‍സമയം കണ്ടെത്തുക പതിവായിരുന്നെന്ന് ‘എന്തുകൊണ്ട് ഈ പുസ്തകം’ എന്ന ആമുഖക്കുറിപ്പില്‍ സതീശന്‍ പറയുന്നു. നിയുക്ത കര്‍ദിനാള്‍ ആര്‍ച്ച് ബിഷച്ച് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് മാതൃഇടവക നല്‍കിയ സ്വീകരണച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി ഉപയോഗിച്ചിട്ടുള്ളത് – ‘ആദം നീ എവിടെയാകുന്നു’ എന്ന പ്രസംഗം വൈറലായിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ചാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്ക്, അജയ് മാക്കന്‍ എന്നിവര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നിലവില്‍ ഭൂരിപക്ഷ എംഎല്‍എമാരുടെയും പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന്‍ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.