5,000 മീറ്റർ ആഴത്തിൽ പ്രകാശം പരത്തുന്ന കടൽ ചിലന്തികൾ; കൗതുകമായി പുതിയ കണ്ടെത്തൽ

സമുദ്രോപരിതലത്തിൽ നിന്ന് ഏകദേശം 5,000 മീറ്റർ ആഴത്തിൽ നിന്ന് കണ്ടെത്തിയ ഭീമാകാരമായ കടൽച്ചിലന്തികളുടെ കാലുകൾ ഇരുട്ടിൽ നീലനിറത്തിൽ പ്രകാശിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഓസ്ട്രേലിയയുടെ തെക്കുകിഴക്കൻ കടലിലെ ആഴക്കടലിലാണ് ഊ അപൂർവ്വ ഇനം ചിലന്തികളെ കണ്ടെത്തിയത്. 25 സെന്റിമീറ്റർ വരെ നീളമുള്ള കാലുകളുള്ള ഇവ സ്വന്തമായി പ്രകാശം പുറത്തുവിടുന്നവയാണ്.രാസപ്രവർത്തനത്തിലൂടെ ജീവികൾ പ്രകാശം പുറത്തുവിടുന്ന ‘ബയോലുമിനസെൻസ്’ എന്ന പ്രതിഭാസമാണ് ഇവയിലും കണ്ടെത്തിയിരിക്കുന്നത്. 2017ൽ ഓസ്ട്രേലിയൻ അബിസിൽ നടത്തിയ പര്യവേക്ഷണത്തിനിടയിലാണ് ഗവേഷകർ ഇത് ആദ്യമായി ശ്രദ്ധിച്ചത്. ‘കൊളോസെൻഡീസ് ടാസ്മാനിക്ക’, ‘കൊളോസെൻഡീസ് മൈനർ’ എന്നീ കടൽച്ചിലന്തി വർഗ്ഗങ്ങളിലാണ് ഈ പ്രത്യേകത കണ്ടെത്തിയത്. ജീവികളുടെ കാലുകളുടെ അടിഭാഗത്തായാണ് പ്രകാശം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് എന്നത് ഗവേഷകരിൽ കൗതുകമുണർത്തിയിട്ടുണ്ട്. കടൽച്ചിലന്തികളുടെ ദഹനേന്ദ്രിയം സ്ഥിതി ചെയ്യുന്ന ഭാഗത്താണ് ഈ പ്രകാശോത്പാദനം നടക്കുന്നത്.കരയിലെ സാധാരണ ചിലന്തികളിൽ നിന്ന് ഏറെ വ്യത്യസ്തരായ ഇവ ആഴക്കടൽ ജീവികളിലെ ആർത്രോപോഡ് വിഭാഗത്തിൽ പെടുന്നു. സൂര്യപ്രകാശം എത്താത്ത ആഴക്കടലിലെ ജീവികളിൽ ഭൂരിഭാഗവും ഇത്തരത്തിൽ പ്രകാശം പുറത്തുവിടുന്ന സ്വഭാവം ഉള്ളവയാണ്. എങ്കിലും കടൽച്ചിലന്തികളിൽ ഈ പ്രതിഭാസം കണ്ടെത്തുന്നത് ആദ്യമായാണ്.

