ചരിത്രമെഴുതാൻ വനിതകളുടെ പരിചമുട്ടുകളി സംഘം.

ചരിത്രമെഴുതാൻ വനിതകളുടെ പരിചമുട്ടുകളി സംഘം.കളരിപ്പയറ്റിന്റെ ചുവടുകളും പരിചമുട്ടുകളിയുടെ ദ്രുതതാളവും അഭ്യസിച്ച് ചുഴലിയിലെ വനിതാ കൂട്ടായ്മ ചരിത്രമെഴുതുന്നു.ചുഴലി കാവിൻമൂല നവോദയ വായനശാലയുടെ നേതൃത്വത്തിലാണ് ഇരുപത്തിനാല് കലാകാരികളുടെ വേറിട്ട അരങ്ങേറ്റം നടക്കുന്നത്.സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണവുമാണ് ഈ പരിശീലനത്തിന് പിന്നിൽ.
സ്കൂൾ വിദ്യാർഥിനികൾ മുതൽ റിട്ട. അധ്യാപകരും സാധാരണക്കാരായ വീട്ടമ്മമാരും അടങ്ങുന്ന സംഘത്തിന് വജ്ര ജൂബിലി ഫെലോഷിപ്പ് അവാർഡ് ജേതാവായ എ വി സൂരജാണ് പരിശീലനം നൽകിയത്.സാധാരണയായി പുരുഷന്മാർ മാത്രം അവതരിപ്പിച്ചു പോരുന്ന ഈ കലാരൂപം സ്ത്രീകളുടെ സംഘം വേദിയിൽ എത്തിക്കുന്നത് പ്രദേശത്തിന് തന്നെ അഭിമാനകരമാണ്.
ഇന്ന് വൈകീട്ട് 6ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് പരിപാടിക്ക് മുന്നോടിയായ സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും ദാരുശില്പ വിദഗ്ധനുമായ എ വിജയൻ മൂത്ത ആചാരിയെ ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും നാടൻ പാട്ടുകളും അരങ്ങേറും.

