പൊലീസ് വാഹനത്തിൽ ജയിൽപോലെ നാല് കമ്പാർട്ട്മെൻ്റുകൾ, പ്രതിഷേധക്കാരെ തല്ലി ചതക്കുകയാണ്; എത്ര ആക്രമിച്ചാലും പ്രതിഷേധം തുടരും: ഐഷി ഘോഷ്

ദില്ലി സമരത്തെ അടിച്ചമർത്താനായി പൊലീസ് നടത്തുന്ന നരനായാട്ട് അക്കമിട്ട് നിരത്തി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. പൊലീസ് വാഹനത്തിനകത്ത് വിദ്യാർഥികളെ തല്ലി ചതക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. എത്ര ആക്രമിച്ചാലും പ്രതിഷേധം തുടരും എന്നും ഐഷി ഘോഷ് വ്യക്തമാക്കി.
ദില്ലി പൊലീസ് വാനിൽ ജയിൽ പോലെ നാല് കമ്പാർട്ട്മെൻ്റുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പോലും ക്രൂരമായാണ് പൊലീസ് ആക്രമിച്ചത്. മാധ്യമ പ്രവർത്തകരെ പോലും കസ്റ്റഡിയിൽ എടുക്കുന്നു. വിദ്യാർഥികളും യുവജനങ്ങളും ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ തെരുവിൽ ആണ്. എത്ര ആക്രമിച്ചാലും പ്രതിഷേധം തുടരും, ഐഷി ഘോഷ് പറഞ്ഞു.ഇന്നേ കാണാത്ത തരത്തിലുള്ള ആക്രമണമാണ് പൊലീസ് നടത്തുന്നതെന്ന് എസ്എഫ്ഐ ദില്ലി സംസ്ഥാന പ്രസിഡൻ്റ് നാദിയ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഫോണുകൾ ബലമായി പിടിച്ചു വാങ്ങി. പൊലീസ് വാനിൽ എന്താണ് നടക്കുന്നതെന്ന് റെക്കോർഡ് ചെയ്യാൻ അനുവദിക്കുന്നില്ല.
ഫോൺ പിടിച്ചു വാങ്ങിയത് നിയമവിരുദ്ധമാണ്. മുടിയിലടക്കം പിടിച്ചു വലിച്ചു. 15 മിനിറ്റോളം ക്രൂരമായി മർദിച്ചെന്നും നാദിയ വ്യക്തമാക്കി.

