നിർമ്മല സീതാരാമൻ്റെ പേരിൽ വീണ്ടും വൻ തട്ടിപ്പ്; നടുവണ്ണൂർ സ്വദേശിക്ക് നഷ്ടമായത് ഒന്നരക്കോടി രൂപ

കോഴിക്കോട് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ പേരിൽ വീണ്ടും വൻ തട്ടിപ്പ്. നടുവണ്ണൂർ സ്വദേശിക്ക് നഷ്ടമായത് ഒന്നര കോടി രൂപയാണ്. ഫേസ്ബുക്കിലെ എഐ വീഡിയോ വിശ്വസിച്ച് പണം നൽകുകയായിരുന്നു. 30 തവണകളായി നൽകിയത് 1 കോടി 45 ലക്ഷം രൂപയാണ്. ഉയർന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം നിര്‍മ്മലാ സീതാരാമന്റെ വ്യാജ വീഡിയോയിലൂടെ തെറ്റിദ്ധരിപ്പിച്ച് വടകര സ്വദേശികളായ ദമ്പതികളില്‍ നിന്നും നേരത്തെ പണം തട്ടിയിരുന്നു. സൈബര്‍ തട്ടിപ്പില്‍ മൂന്നുലക്ഷം രൂപയാണ് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് വടകര സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് സമാനമായ മറ്റൊരു കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്ന ദമ്പതികളാണ് തട്ടിപ്പിന് ഇരയായത്. സോഷ്യൽ മീഡിയ പരസ്യത്തിലൂടെയാണ് തട്ടിപ്പ് സംഘം ഇവരെ വലയിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റേതടക്കമുള്ള വ്യാജ വീഡിയോകളും ഉപയോഗപ്പെടുത്തി. നിക്ഷേപിക്കുന്ന തുകയ്ക്ക് വൻ തുകയാക്കി മടക്കി നൽകുമെന്നായിരുന്നു വാഗ്‌ദാനം. ആദ്യം ചെറുതുകയാണ് ഇവര്‍ നിക്ഷേപിച്ചത്. ഇതിന് വാഗ്ദാനം ചെയ്ത തുക നല്‍കിക്കൊണ്ട് ദമ്പതികളുടെ വിശ്വാസ്യത നേടിയെടുക്കുകയായിരുന്നു. പിന്നീട് മൂന്നുലക്ഷം രൂപ നിക്ഷേപിച്ചു. ഇതിന് ലാഭമൊന്നും നൽകിയില്ലെങ്കിലും ആറ് ലക്ഷം കൂടി നിക്ഷേപിക്കാന്‍ ദമ്പതികളെ പ്രേരിപ്പിച്ചു. ഇതുപ്രകാരം ആറ് ലക്ഷം രൂപ ബാങ്കില്‍ നിന്നും എടുത്ത് മടങ്ങവെ ബാങ്ക് ജീവനക്കാരന്‍ സംശയം തോന്നി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാകാമെന്ന സംശയം ഉയര്‍ന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ രാജ്യാന്തര ഫോൺ കോൾ ശ്രദ്ധയിൽ പെട്ടു. ഇതോടെ വടകര സൈബര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

