‘റേസ് ട്രാക്കുകളല്ല റോഡുകൾ; പോയവരൊക്കെ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവർ വീട്ടിലുണ്ട്, അവർക്ക് വേണ്ടിയെങ്കിലും സുരക്ഷിതരാകാം’: മമ്മൂട്ടി

റോഡ് സുരക്ഷയെക്കുറിച്ച് ആളുകളെ ഓർമ്മിപ്പിച്ച് നടൻ മമ്മൂട്ടി. അഭ്യാസപ്രകടനവും വാഹനയോട്ട മത്സരവും നടത്താനുള്ള ഇടമല്ല റോഡുകളെന്നും റോഡിൽ അഭ്യാസപ്രകടനം നടത്തിയാൽ മറ്റുള്ളവർക്കും ഉപദ്രവമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത വകുപ്പിന്റെ ‘ജീവ സുയാത്ര മിഷൻ’ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറാണ് മമ്മൂട്ടി. സുയാത്ര മിഷന്റെ ബ്രാൻഡ് അംബാസിഡർ ആയി തെരഞ്ഞെടുത്തു എന്ന് പറയുമ്പോൾ താൻ തന്നെ പേടിച്ചുപോയെന്നും താരം തമാശ രൂപേണ പറഞ്ഞു. “എന്നെ ഏൽപ്പിച്ച ഒരു വലിയ ഭാരമാണിത്, ആദ്യം ഞാൻ നന്നാകണമല്ലോ. ഞാൻ ഏതായാലും നന്നാകാൻ തീരുമാനിച്ചു. പോയവരൊക്കെ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ വീട്ടിലുണ്ട്, അവർക്ക് വേണ്ടിയെങ്കിലും വണ്ടി ഓടിക്കുന്നവരും വെളിയിൽ നടക്കുന്നവരും എല്ലാവരും ശ്രദ്ധിക്കുക, മമ്മൂട്ടി പറഞ്ഞു. താൻ വളരെ ആവേശത്തോടെ വണ്ടി ഓടിക്കുന്ന ആളാണെന്നും തനിക്ക് സ്പീഡ് ഇഷ്ടമാണെന്നും പറഞ്ഞ മമ്മൂട്ടി വണ്ടി ഓടിക്കുമ്പോൾ നമുക്ക് ജാഗ്രതയും ഏകാഗ്രതയും ശ്രദ്ധയും വേണമെന്നും വ്യക്തമാക്കി. ഇതൊരു ഉത്തരവാദിത്തം കൂടിയാണെന്ന് വിചാരിച്ചാൽ വലിയ അപകടങ്ങൾ ഇല്ലാതെ പോകാം. അങ്ങനെയാണ് ഞാൻ വണ്ടി ഓടിക്കുന്നത്. പക്ഷേ ഈ അടുത്ത കാലത്തായിട്ട് ഞാൻ വണ്ടി ഓടിക്കാറില്ല. റോഡിൽ വാഹനങ്ങളും തിരക്കും കൂടിക്കൊണ്ടിരിക്കുകയാണ്, സ്വാഭാവികമായിട്ടും അപകടങ്ങളും കൂടും. റോഡ് സുരക്ഷയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ 99 ശതമാനവും മനുഷ്യസഹജമായ തെറ്റുകൾ മൂലം സംഭവിക്കുന്നതാണ്. മെക്കാനിക്കൽ എറർ ഒരു ശതമാനം മാത്രമേയുള്ളൂ. നമ്മുടെ സുരക്ഷ മറ്റുള്ളവരുടെ കയ്യിലാണ് എന്ന് വിചാരിച്ച് നമ്മൾ റോഡിലൂടെ നടക്കരുത്. പലരും വീട്ടിനകത്ത് നടക്കുന്നതുപോലെ ഫോണും കാതിൽ വെച്ചാണ് റോഡിലൂടെ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനങ്ങൾ ഓടിക്കുന്ന ആളുകളും ശ്രദ്ധിക്കേണ്ടതാണെന്ന് പറഞ്ഞ മമ്മൂട്ടി മത്സരോട്ടത്തിലാണ് പലപ്പോഴും അപകടങ്ങൾ കൂടുന്നതെന്നും പറഞ്ഞു. തുടരെത്തുടരെ മൂന്ന് മിനിറ്റ് വ്യത്യാസത്തിൽ ബസുകൾ വരുമ്പോൾ യാത്രക്കാരെ കൊണ്ടുപോകാനായി മത്സരമുണ്ടാകുന്നു. സമയം കൊടുക്കുന്നതും റൂട്ടുകൾ മാറ്റി നൽകുന്നതുമൊക്കെ ശ്രദ്ധിച്ചാൽ അപകടങ്ങൾ കുറയ്ക്കാം. മോട്ടോർ സൈക്കിൾ അഭ്യാസവും കാറിന്റെ സ്പീഡുമൊക്കെ കാണിക്കാൻ റേസ് ട്രാക്കുകൾ ഉണ്ട്. റോഡിൽ അഭ്യാസ പ്രകടനം നടത്തിയാൽ നിങ്ങൾക്കു മാത്രമല്ല മറ്റുള്ളവർക്കും ഉപദ്രവകരമാകും. റോഡ് യാത്ര ചെയ്യാനുള്ളതാണ്, റേസിങ്ങിനുള്ളതല്ലെന്നും പുതുതലമുറയെ മമ്മൂട്ടി ഓർമിപ്പിച്ചു. അശ്രദ്ധമായും വേഗതയിലും വണ്ടി ഓടിക്കുന്നത് റാഷ് ആൻഡ് നെഗ്ലിജന്റ് ഡ്രൈവിംഗ് (Rash and negligent driving) എന്ന കുറ്റകൃത്യത്തിൽ പെടുമെന്നും നമ്മൾ കാരണം അറിയാതെ പോലും ഒരു അപകടം ഉണ്ടാകരുതെന്നും മമ്മൂട്ടി പറഞ്ഞു. വഴിയാത്രക്കാർ പെഡസ്ട്രിയൻ ക്രോസിംഗിലൂടെ മാത്രം (വെള്ള വരകളിലൂടെ) റോഡ് മുറിച്ചു കടക്കുക. ലഭ്യമായ ഫുട്പാത്തുകളിലൂടെ നടക്കാൻ ശ്രദ്ധിക്കുക. ഫോണിൽ സംസാരിച്ചോ പാട്ടു കേട്ട് തുള്ളിക്കൊണ്ടോ വണ്ടി ഓടിക്കരുത്. കുട്ടികളെ ചെറുപ്പത്തിലേ റോഡ് നിയമങ്ങളും സിവിൽ സെൻസും പഠിപ്പിച്ചു വളർത്തുക. നല്ല ഭാവിയുള്ള ഒരു പുതിയ തലമുറയും രാജ്യവും വരട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.

