ചതുരക്കിണർ വാണിദാസ് റോഡ് അറ്റകുറ്റപ്പണി ഉടനെ ആരംഭിക്കുമെന്ന് അഡ്വ. ടി. ഒ. മോഹനൻ എം.എൽ.എ.

ചതുരക്കിണർ എളയാവൂർ വയൽ വാണിദാസ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. എം.എൽ.എ യുടെ ലോക്കൽ റോഡ് റീബിൽഡ് പ്രോജക്ട് ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപയ്ക്ക് കരാർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്തതിനെ തുടർന്നാണ് റോഡ് പണി പൂർത്തീകരിക്കാൻ കഴിയാതിരുന്നത്. ഉദ്യോഗസ്ഥരോടും നാട്ടുകരോടും ഒപ്പം സ്ഥലം സന്ദർശിച്ച അഡ്വ. ടി. ഒ. മോഹനൻ എം.എൽ.എ റോഡ് പണി അടിയന്തരമായി ആരംഭിക്കുന്നതിന് എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എസ്റ്റിമേറ്റ് ലഭിച്ച ഉടൻ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു. തുക വർദ്ധിപ്പിക്കുന്നതോടുകൂടി പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എൽ.എ അറിയിച്ചു.
റോഡ് ടാറിംഗ് മാത്രമല്ല ഇരുവശത്തും കോൺക്രീറ്റ് ചെയ്ത് വീതി കുറഞ്ഞ ഇടത്ത് ആവശ്യത്തിന് വീതി കൂട്ടി ഗതാഗതം സുഗമമാക്കുന്ന രീതിയിൽ റോഡ് നിർമ്മാണം നടത്തുമെന്ന് എം.എൽ.എ അറിയിച്ചു. എം.എൽ.എയോടൊപ്പം വാർഡ് കൗൺസിലർ ബിസ്മില്ല ബീവി, കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ധന്യ രവി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജാക്സൺ ജോസഫ്, അസിസ്റ്റന്റ് എൻജിനീയർ ഷജിൽ ടി, ലക്ഷ്മണൻ തുണ്ടിക്കോത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു.

