November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

‘എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു’; പത്മിനി തോമസ് ബിജെപി വിട്ടു

SHARE

അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനി തോമസ് ബിജെപി വിടുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് പത്മിനി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പത്മിനി തോമസ് 2024ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പാളയം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പത്മജ വേണുഗോപാലിന് പിന്നാലെയാണ് പത്മിനി തോമസും പാര്‍ട്ടി വിടുന്നത്. ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുടെ സ്‌പോര്‍ട്‌സിനോടുള്ള താല്‍പര്യം കണ്ടിട്ടാണ് ബിജെപിയിലേക്ക് പോയതെന്നും എന്നാല്‍ കേരളത്തിലടക്കം ഈ മേഖലയില്‍ ഒന്നും ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും പ ത്മിനി തോമസ് പറയുന്നു. വിളിച്ചപ്പോഴുള്ള ആവേശം പിന്നീട് ബിജെപി കാണിച്ചില്ലെന്നും പത്മിനി തോമസ് വ്യക്തമാക്കി.

 

‘എന്തെങ്കിലും പദവി ചോദിച്ചല്ല ബിജെപിയില്‍ പോയത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരിഗണിച്ചില്ല. പിന്നീടാണ് പാളയത്ത് മത്സരിക്കാന്‍ നിര്‍ത്തിയത്’, പത്മിനി പറയുന്നു. തന്റെ കുടുംബം കോണ്‍ഗ്രസ് ആണ്. അതിലൂടെ എന്നെ ആളുകള്‍ അറിഞ്ഞത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരനുമൊക്കെ സഹായിച്ചാണ് പലകാര്യങ്ങളും ചെയ്തുതന്നത്. അന്നത്തെ കെപിസിസി പ്രസിഡന്റുമായി ചെറിയ പ്രശ്‌നം ഉണ്ടായി. അത് പരിഹരിച്ചില്ല. അന്ന് എടുത്തുചാടിയാണ് ബിജെപിയിലേക്ക് പോയത്. ഇപ്പോള്‍ പശ്ചാത്താപം ഉണ്ട്. തിരിച്ചുവരികയാണെങ്കില്‍ അത് കോണ്‍ഗ്രസിലേക്ക് മാത്രമായിരിക്കും എന്നും പത്മിനി പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു രണ്ടരവര്‍ഷത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് പത്മജ വേണുഗോപാല്‍ രാജീവ് ചന്ദ്രശേഖറിനെ രാജി അറിയിച്ചത്. ഇമെയില്‍ വഴിയായിരുന്നു രാജിക്കൈമാറ്റം. എടുത്തുചാട്ടമായിരുന്നു ബിജെപി പ്രവേശനം എന്നും ഇപ്പോള്‍ തിരുത്തുന്നുവെന്നുമായിരുന്നു നീക്കത്തില്‍ പത്മജ പ്രതികരിച്ചത്.