ഡോളറിനെ പിന്നിലാക്കി രൂപയുടെ കുതിപ്പ്; ഏഴുമാസത്തിനിടയിലെ മികച്ച നേട്ടം

മുംബൈ: ഡോളറിനെതിരെ കനത്ത ഇടിവ് നേരിട്ടതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ വീണ്ടും തിരിച്ചുകയറി ഇന്ത്യൻ രൂപ. ഏഴുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നേട്ടം സ്വന്തമാക്കിയ രൂപ, ഡോളറിനെതിരെ 92.67 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ ഇൻട്രാഡേ വ്യാപാരത്തിനിടെ 65 പൈസയുടെ നേട്ടമുണ്ടാക്കിയാണ് രൂപയുടെ തിരിച്ചുകയറ്റം. ഏപ്രിൽ 10ന് ശേഷം ആദ്യമായാണ് രൂപ ഈ നിലവാരത്തിലെത്തുന്നത്. ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ ശക്തമായ തിരിച്ചുവരവാണ് രൂപയുടെ മൂല്യം ഉയരാൻ പ്രധാന കാരണമായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 84,000 കോടി രൂപയിലധികമാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. നവംബറിൽ മാത്രം വിദേശ നിക്ഷേപം 12 ബില്യൺ ഡോളർ കടന്നതായാണ് റിപ്പോർട്ടുകൾ. അമേരിക്ക, തായ്വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ വിപണികളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഓഹരികളോടുള്ള നിക്ഷേപകരുടെ താൽപര്യം കുറഞ്ഞതും ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ഒഴുകാൻ കാരണമായി. കൂടുതൽ നേട്ടം പ്രതീക്ഷിച്ച് നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് തിരിഞ്ഞതും രൂപയ്ക്ക് അനുകൂലമാകുകയായിരുന്നു.
വെള്ളിയാഴ്ച വ്യാപാരത്തിനിടെ ഡോളറിനെതിരെ 92.82 വരെ രൂപയുടെ മൂല്യം ഉയർന്നു. കഴിഞ്ഞ ദിവസം 93.32 നിലവാരത്തിലായിരുന്നു രൂപയുടെ ക്ലോസിങ്. നവംബർ 13ന് 94.19 ആയിരുന്ന രൂപയുടെ മൂല്യം തുടർച്ചയായ അഞ്ച് വ്യാപാരദിവസങ്ങളിലെ നേട്ടത്തിലൂടെ ഏകദേശം 1.4 ശതമാനം ഉയർന്നു. അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടായ കുറവും രൂപയ്ക്ക് നേട്ടമായി. അതേസമയം, ആഗോള എണ്ണവിലയിലെ മാറ്റങ്ങളും ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റവും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. വെള്ളിയാഴ്ച സെൻസെക്സ് 723 പോയിന്റിലധികം ഉയർന്നപ്പോൾ നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. വിദേശ നിക്ഷേപകരുടെ തുടർച്ചയായ വാങ്ങലും ആഭ്യന്തര വിപണിയിലെ അനുകൂല സാഹചര്യങ്ങളും രൂപയുടെ മുന്നേറ്റത്തിന് പിന്തുണയേകുന്നതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.

