നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നു; പ്രതി പിടിയിൽ

നാഗർകോവിൽ: നാഗർകോവിലിൽ ട്രെയിനിൽവെച്ച് യുവതിയെ ബലാത്സംഗം ചെയ്തുകൊന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ അറ്റകുറ്റപ്പണിയ്ക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് സംഭവം. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന കന്യാകുമാരി സ്വദേശി അയ്യപ്പൻ(31) എന്നയാളെ നാർഗകോവിൽ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നവംബർ 11 മുതൽ അറ്റകുറ്റപ്പണിയ്ക്കായി നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിൽനിന്നാണ് യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇൻസ്പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. നവംബർ 14 മുതലുള്ള റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയിലേക്ക് സൂചന ലഭിച്ചത്. മൃതദേഹം കണ്ടെത്തിയ കോച്ചിൽനിന്ന് അയ്യപ്പൻ ഇറങ്ങിവരുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. യുവതിയെ നവംബർ 14ന് പുലർച്ചെ അയ്യപ്പൻ ഭിന്നശേഷി റിസർവ്ഡ് കോച്ചിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതായി പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ അയ്യപ്പൻ കുറ്റംസമ്മതിച്ചു. ലൈംഗികപീഡനത്തിനിടെ യുവതി കൊല്ലപ്പെട്ടെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. യുവതി ക്രൂരമായ പീഡനത്തിന് വിധേയമായതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

