പാലക്കാട് സഹപാഠിയ്ക്ക് നേരെ വെടിയുതിർത്ത സംഭവം: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് പോലീസ്.

പരുതൂരിൽ ക്ലാസ് മുറിയിൽ ഒമ്പതാം ക്ലാസുകാരന് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ തോക്ക് കൊണ്ടുവന്ന വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് പോലീസ്. ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം വെച്ചതിനാണ് കേസ്. പരുക്കേറ്റ വിദ്യാർത്ഥിയെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നു റൂമിലേക്ക് മാറ്റും. പിച്ചള പിടിയുള്ള റിവോൾവറിൽ നിന്നാണ് ഒമ്പതാം ക്ലാസുകാരന് വെടിയേറ്റത്.
11 ബുള്ളറ്റുകൾ ലോഡ് ചെയ്യാൻ കഴിയുന്നതാണ് റിവോൾവർ. സ്കൂളിലേക്ക് കുട്ടി കൊണ്ടുവരുന്ന സമയം തോക്കിൽ ആറു ബുള്ളറ്റുകളാണ് ഉണ്ടായിരുന്നത്. പോയിൻറ് 22 തിരകൾ ഉപയോഗിക്കാവുന്ന തോക്കാണിത്. കിർക്കി ഫാക്ടറിയിൽ നിർമ്മിച്ച പഴയ വെടിയുണ്ടകളാണ് തോക്കിൽ ഉണ്ടായിരുന്നത്. മുത്തച്ഛൻ മുമ്പ് ഉപയോഗിച്ചിരുന്ന തോക്ക് കൂട്ടുകാരെ കാണിക്കാൻ സ്കൂളിലേക്ക് കൊണ്ടുവന്നുവെന്നാണ് വിദ്യാർഥിുടെ മൊഴി.
സുഹൃത്തുക്കൾക്ക് കാണിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. അതേസമയം, ഉപയോഗിക്കാത്ത തോക്കിൽ എന്തിന് തിര നിറച്ചു വെച്ചു എന്ന സംശയം പോലീസിനുണ്ട്. പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ തുടരുകയാണ്. നിലവിൽ ഐസിയുവിൽ ഉള്ള വിദ്യാർത്ഥിയെ വൈകിട്ടോടെ റൂമിലേക്ക് മാറ്റിയേക്കും.

