ഡബ്ല്യുസിസി അംഗത്തെ ലക്ഷ്യമിട്ടുള്ള ആരോപണം അടിസ്ഥാനരഹിതം; സംവിധായകന് ലിജു കൃഷ്ണയ്ക്കെതിരെ ഡബ്ല്യുസിസി

കൊച്ചി: ഡബ്ല്യുസിസി അംഗത്തെ ലക്ഷ്യമിട്ടുള്ള സംവിധായകന് ലിജു കൃഷ്ണയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡബ്ല്യുസിസി. തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ട് ലിജു നടത്തിയ പ്രതികരണങ്ങളെ തള്ളിക്കൊണ്ടാണ് ഡബ്ല്യുസിസിയുടെ പ്രസ്താവന. 2022 മാര്‍ച്ച് 1-ന് ഒരു അതിജീവിതയില്‍ നിന്ന് രേഖാമൂലമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വിഷയത്തില്‍ ഇടപെട്ടതെന്നും അവര്‍ വ്യക്തമാക്കി. ഔദ്യോഗിക ഫേസ്ബുക്ക് ഹാന്‍ഡിലിലൂടെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഒരു വ്യക്തിയുടെ താല്പര്യത്തിനോ നിര്‍ദേശത്തിനോ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയല്ലെന്നും ഒരു അംഗത്തിന്റെ മാത്രം തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല സംഘടനയുടെ ഇടപെടലുകള്‍ നടക്കുന്നതെന്നും ഡബ്ല്യുസിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതിജീവിതകള്‍ക്ക് പിന്തുണ നല്‍കുക എന്നത് ഒരു വ്യക്തിക്കെതിരായ നിലപാടല്ല. മറിച്ച് നീതിയിലും ലിംഗസമത്വത്തിലും സുരക്ഷിതമായ തൊഴിലിടങ്ങളിലുമുള്ള തങ്ങളുടെ ഉറച്ച വിശ്വാസത്തിന്റെ ഭാഗമാണെന്നും കളക്ടീവ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
WCC എന്തുകൊണ്ടാണ് ഈ കേസില്‍ ഇടപെട്ടത്? എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?
2022 മാര്‍ച്ച് 1-ന് ഒരു അതിജീവിതയില്‍ നിന്ന് രേഖാമൂലമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) ശ്രീ. ലിജു കൃഷ്ണനുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ ഇടപെട്ടത്.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് WCC അതിന്റെ നിശ്ചിത നടപടിക്രമങ്ങള്‍ പാലിക്കുകയും വിഷയം പരിശോധിക്കുകയും അതിജീവിതയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്തു. ഈ വിഷയത്തില്‍ സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ക്ക് അതിജീവിത നേരിട്ട് കത്തുകളിലൂടെ ഉന്നയിച്ച കാര്യങ്ങള്‍ക്കും അവര്‍ നടത്തിയ ഇടപെടലുകള്‍ക്കുമാണ് WCC പിന്തുണ നല്‍കിയത്. ഇതിനു വിരുദ്ധമായി പ്രചരിപ്പിക്കപ്പെടുന്ന പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണ്. ഒരു കാര്യം പ്രത്യേകം വ്യക്തമാക്കട്ടെ. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഒരു വ്യക്തിയുടെ താല്പര്യത്തിനോ നിര്‍ദേശത്തിനോ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ഒരു അംഗത്തിന്റെ മാത്രം തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല സംഘടനയുടെ ഇടപെടലുകള്‍. രേഖാമൂലം ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുകയും, ആവശ്യമായ വ്യക്തതയും വിവരങ്ങളും ശേഖരിക്കുകയും, കൂട്ടായ ചര്‍ച്ചകളിലൂടെയും നിശ്ചിത നടപടിക്രമങ്ങളിലൂടെയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയാണത്. അതിജീവിതകള്‍ക്ക് പിന്തുണ നല്‍കുന്നതും ഈ കൂട്ടായ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.
ഈ കേസില്‍ വിചാരണക്കോടതിയുടെ വിധി വന്നിട്ടുണ്ട്. എന്നാല്‍ ഒരു വിചാരണക്കോടതി വിധി നിയമപരമായ നീതിന്യായ പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണ്. നിയമം അനുവദിക്കുന്ന അപ്പീല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് അതിജീവിതയ്ക്ക് അവകാശമുണ്ട്. നീതി തേടുന്നതിനുള്ള നിയമപരമായ വഴികള്‍ അവിടെ അവസാനിക്കുന്നില്ല.
കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ് (CHRI) ചൂണ്ടിക്കാണിക്കുന്നതുപോലെ, ലൈംഗികാതിക്രമ കേസുകളിലെ ശിക്ഷാനിരക്ക് ഏകദേശം 20 മുതല്‍ 25 ശതമാനം വരെയാണ്. അതിനര്‍ത്ഥം ശിക്ഷിക്കപ്പെടാത്ത ബാക്കി കേസുകളെല്ലാം വ്യാജപരാതികളാണെന്നല്ല. തെളിവുകളുടെ അപര്യാപ്തതയും പരാതി നല്‍കുന്നവര്‍ക്ക് നേരിടേണ്ടിവരുന്ന കടുത്ത സാമൂഹികവും വ്യക്തിപരവുമായ സമ്മര്‍ദങ്ങളും ഇത്തരം കേസുകളില്‍ നീതി ലഭിക്കുന്നതിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. വളരെ ധൈര്യത്തോടെയാണ് അതിജീവിത ഈ കേസില്‍ മുന്നോട്ടുവന്നത്. അവരുടെ മൊഴിയെ തള്ളിക്കളയുകയും WCCയുടെ ഇടപെടലുകളെ വ്യക്തിപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടന്നതാണെന്ന് ആരോപിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് അതിജീവിതയുടെ അനുഭവങ്ങളെയും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെയും അവഗണിക്കുന്നതാണ്.
തന്റെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മറ്റുള്ളവരുടെ മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ ഒരു അതിജീവിതയുടെ ശബ്ദത്തെയും ധൈര്യത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കരുത്. ഇത്തരം പ്രസ്താവനകള്‍ ആ സ്ത്രീയുടെ ആത്മവിശ്വാസത്തെയും അന്തസ്സിനെയും നീതിക്കുവേണ്ടി മുന്നോട്ടുപോകാനുള്ള കരുത്തിനെയും ബാധിക്കുന്നതാണ്.
ഒരു കേസിലെ വിധി എന്തുതന്നെയായാലും, അതിജീവിതയുടെ പരാതി ഉയര്‍ത്തിയ തൊഴില്‍പരവും സ്ഥാപനപരവുമായ ഉത്തരവാദിത്തങ്ങളെ അത് ഇല്ലാതാക്കുന്നില്ല. ഈ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിക്കേണ്ടതുണ്ട്. ഈ സിനിമയുടെ നിര്‍മാണസ്ഥാപനമായ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്സില് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഒരു ആഭ്യന്തര പരാതി പരിഹാര സമിതി (Internal Committee – IC) ഉണ്ടായിരുന്നില്ലെന്ന വിഷയം ഇന്നും പ്രസക്തമാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാന്‍ നിയമപ്രകാരം ഇത്തരം സമിതികള്‍ ഉണ്ടായിരിക്കുകയും ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഒരു തൊഴിലിടത്തില്‍ ഫലപ്രദമായ ആഭ്യന്തര പരാതി പരിഹാര സമിതി ഉണ്ടായിരുന്നെങ്കില്‍, പരാതി പരിഹരിക്കുന്നതിനുള്ള സ്ഥാപനപരമായ സംവിധാനം അതിജീവിതയ്ക്ക് ലഭ്യമാകുമായിരുന്നു. അത്തരം സംവിധാനങ്ങളുടെ അഭാവം സ്ത്രീകളെ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്കും പലപ്പോഴും പൊലീസ് പരാതിയുള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ട അവസ്ഥയിലേക്കും എത്തിക്കുന്നു.
ബലാത്സംഗക്കേസുകളിലെ വിചാരണകള്‍ നീണ്ടുപോകുന്നതും കുറ്റം ചെയ്തവര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് ഉറപ്പില്ലാത്ത സാഹചര്യം നിലനില്ക്കുന്നതും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷാഭയമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമാകുന്നുവെന്ന് CHRI ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ നീതിന്യായ സംവിധാനത്തിന്റെ വേഗതയും തൊഴിലിടങ്ങളിലെ ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങളും ഒരുപോലെ പ്രധാനമാണ്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തമാണ്. WCC രൂപീകരിക്കപ്പെട്ടതുതന്നെ മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും അന്തസ്സിനും നീതിക്കും വേണ്ടിയുള്ള കൂട്ടായ പോരാട്ടത്തിന്റെ ഭാഗമായാണ്. പരാതി ഉന്നയിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുക എന്ന നിലപാടില്‍ നിന്ന് ഞങ്ങള്‍ പിന്നോട്ടുപോകില്ല.
കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി WCCയിലെ ഒരു അംഗത്തെ മാത്രം ലക്ഷ്യമിട്ട് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അനാവശ്യവും അപകീര്‍ത്തികരവുമാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഒരു വ്യക്തിയുടെ മാത്രം തീരുമാനങ്ങളായി ചിത്രീകരിക്കാനും അതിന്റെ കൂട്ടായ നിലപാടുകളെ വ്യക്തിപരമായ താല്പര്യങ്ങളുമായി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. WCC ഒരു വ്യക്തിയല്ല. അതൊരു കൂട്ടായ്മയാണ്. അതിന്റെ നിലപാടുകളും ഇടപെടലുകളും പോരാട്ടങ്ങളും കൂട്ടായ തീരുമാനങ്ങളുടെയും ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനത്തിലാണ്. അതിജീവിതകള്‍ക്ക് പിന്തുണ നല്‍കുക എന്നത് ഒരു വ്യക്തിക്കെതിരായ നിലപാടല്ല; മറിച്ച് നീതിയിലും ലിംഗസമത്വത്തിലും സുരക്ഷിതമായ തൊഴിലിടങ്ങളിലുമുള്ള ഞങ്ങളുടെ ഉറച്ച വിശ്വാസത്തിന്റെ ഭാഗമാണ്.

