കല്യാണത്തിൽ പങ്കെടുത്തിട്ടും ഞങ്ങളുടെ പരിപാടിക്കെത്തിയില്ല’;മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം: ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ് നിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തി. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്.
മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയതായാണ് സംഘാടകര്‍ പറയുന്നത്. അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എല്ലാ വര്‍ഷങ്ങളിലും ചെമ്പഴന്തിയില്‍ എത്തുന്ന മുഖ്യമന്ത്രിമാര്‍ ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സംഘാടകര്‍ പരിപാടി ബഹിഷ്കരിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഡിസിസി മെമ്പര്‍ ചേന്തി അനില്‍ രംഗത്തെത്തി. മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ തീയതി എടുത്തതാണെന്നും അവസാന നിമിഷം വരെ വരുമെന്ന് പറഞ്ഞുവെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഉള്ളൂരില്‍ കല്യാണത്തിന് പങ്കെടുത്ത മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. വാഹനവ്യൂഹത്തിന് കൈകാണിച്ചപ്പോള്‍ പുറത്തിറങ്ങി മുഖ്യമന്ത്രി മോശമായി സംസാരിച്ചു. സംഘാടകര്‍ക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയെന്നും ചേന്തി അനില്‍ പറഞ്ഞു.

