ഇരിക്കൂർ താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കും; ആരോഗ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.

SHARE

 

ഇരിക്കൂർ: ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ ആദ്യഘട്ട കെട്ടിട നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.

ഇരിക്കൂർ നിയോജകമണ്ഡലത്തിലെ സർക്കാർ ആശുപത്രികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പരിമിതികളും പരിഹരിക്കുന്നതിനും ആരോഗ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമായി എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.

ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ നടന്ന യോഗത്തിൽ ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഡി. സുനിൽ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആശ വി.വി, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

താലൂക്ക് ആശുപത്രിയുടെ ആദ്യഘട്ട കെട്ടിട നിർമ്മാണം അടിയന്തരമായി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. മണ്ഡലത്തിലെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ചികിത്സാ സൗകര്യങ്ങളുടെ കുറവ്, ജീവനക്കാരുടെ ഒഴിവുകൾ എന്നിവ യോഗം വിശദമായി വിലയിരുത്തി.

ഓരോ ആശുപത്രിയിലെയും അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങൾ കണ്ടെത്തി കൃത്യമായ ഇടപെടലുകൾ നടത്താനും ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സുലേഖ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. മുഹമ്മദ് മാസ്റ്റർ, സിന്ധു ബെന്നി, ടെസ്സി ആലുംമൂട്ടിൽ, സിജി സണ്ണി, മോളി സജി, വി.പി. വിപിന, പ്രിൻസി ബോബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെവി അബ്ദുറഹ്മാൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ സൗമിനി ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.പി. അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ. ശ്രീദിവ്യ, ഡോ. ധന്യ, ഡോ. അഞ്ജു, ഡോ. അരുൺ, ഡോ. ദീപ്തി, ഡോ .ബിജോ മാത്യു. ഡോ. ഷൈലജ വർമ്മ, ഡോ. ഷെറിൻതുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.