October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 12, 2026

10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾ

SHARE

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സക്ക് ESI കോർപ്പറേഷൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ രോഗികൾ വലയുന്നു. ഹൃദയ, ക്യാൻസർ രോഗികൾക്ക് മാനദണ്ഡം നിലവിൽ വന്നതോടെ മരുന്നു പോലും വാങ്ങാൻ കഴിയുന്നില്ലെന്ന് പരാതി. 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ ലഭിക്കാൻ നിരവധി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന നിബന്ധനയും രോഗികളെ കൂടുതൽ ദുരിതത്തിലാക്കി.ഇഎസ്ഐ പരിരക്ഷയുള്ള ആശപത്രികളിൽ ഒരു സാമ്പത്തിക വർഷം രോഗികൾക്ക് ചികിത്സിക്കാൻ 10 ലക്ഷം രൂപ എന്ന പരിധിയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്നത്. പരിധി കടന്ന് ചികിത്സ വേണമെങ്കിൽ നിരവധി മാനദണ്ഡങ്ങൾ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇഎസ്ഐ കോർപ്പറേഷൻ പ്രഖ്യാപിച്ചു.പത്തിലധികം മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ രോഗികൾ ആശങ്കയിലാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ക്യാൻസർ പോലുള്ള മാരകരോഗങ്ങൾക്കും ചികിത്സ തേടുന്നവർ ആകെ പ്രതിസന്ധിയിലായത്.

നേരത്തെ ചികിത്സ ലഭിക്കാൻ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല.നിലവിൽ ചികിൽസ തുടങ്ങുമ്പോഴെ മാനദണ്ഡങ്ങൾക്ക് വിധേയമാകണമെന്നതാണ് പുതിയ ഉത്തരവ്. ചികിത്സിക്കുന്ന ഹോസ്പിറ്റലുകളിലെ ട്യൂമർ ബോർഡിൻ്റെ അനുമതി വേണമെന്നതാണ് രോഗികളെ വലക്കുന്നതിൽ പ്രധാനകാരണം. മിക്ക സ്വകാര്യ ആശുപത്രികളിലും ട്യൂമർ ബോർഡ് എന്ന സമിതി ഇല്ല. അതിനാൽ ട്യൂമർ ബോർഡിൻറെ അനുമതിപത്രം ലഭിക്കില്ല. മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിൻ്റെ സർട്ടിഫിക്കറ്റ് വേണമെന്നതാണ് അടുത്ത നിബന്ധന.എന്നാൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർ സർക്കാർ മെഡിക്കൽ കോളേജിൽ സർട്ടിഫിക്കറ്റിന് എത്തിയാൽ ലഭിക്കില്ല.

ESI കോർപ്പറേഷൻ്റെ കീഴിലുള്ള ആശുപത്രികളുടെ സർട്ടിഫിക്കറ്റ് നിർബന്ധമായും വേണമെന്ന് മാനദണ്ഡങ്ങളിൽ പറയുന്നു.ഇങ്ങനെ പത്തോളം നിർബന്ധിത നിബന്ധനകൾ. നിലവിൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇഎസ്ഐ കോർപ്പറേഷൻ ആണ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത് .ഈ മാനദണ്ഡങ്ങൾ പിൻവലിച്ച് പഴയ രീതിയിലേക്ക് ചികിത്സ ലഭിക്കുന്നതിനുള്ള നടപടി എടുക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.എന്നാൽ ചികിത്സയുടെ മറവിൽ വലിയ തട്ടിപ്പ് നടക്കുന്നതിനാലാണ് നിബന്ധനകൾ പ്രഖ്യാപിച്ചത് എന്നാണ് ഇ എസ് ഐ കോർപ്പറേഷന്റെ വാദം.