October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 7, 2026

കർഷകരുടെ പ്രതിഷേധം; കശ്മീരിലെ ആപ്പിൾ തോട്ടങ്ങളെ സംരക്ഷിക്കാൻ മൂന്ന് റെയിൽ പദ്ധതികൾ റദ്ദാക്കി കേന്ദ്രം

SHARE

ആപ്പിൾ തോട്ടങ്ങൾ സംരക്ഷിക്കുന്നതിനായി മൂന്ന് റെയിൽവേ പദ്ധതികൾ ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ. ആയിരത്തോളം ആപ്പിൾ മരങ്ങൾ നശിപ്പിക്കപ്പെടുന്നതിനൊപ്പം തങ്ങളുടെ ജീവിതമാർഗത്തെയും ബാധിക്കുന്ന പദ്ധതി ഉപേക്ഷിച്ച വാർത്ത കർഷകർക്ക് വലിയ ആശ്വാസമാണ്. ജമ്മുകശ്മീർ സർക്കാരും സംസ്ഥാനത്തെ എംപിമാരും ആപ്പിൾ തോട്ടങ്ങൾ നശിപ്പിക്കുന്ന തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പദ്ധതികൾ ഉപേക്ഷിച്ചതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.കാക്‌പോര, പുൽവാമ, ഷോപ്പിയാൻ ജില്ലകളിൽ നിർമാണം നടത്താനിരുന്ന റെയിൽവേ പദ്ധതികൾക്കായുള്ള സർവേകളും ഭൂമിയുടെ അതിർത്തി തിരിക്കലും കർഷകരിൽ ആശങ്ക ഉയർത്തിയിരുന്നു. ഈ പദ്ധതിക്ക് പുറമേ ബിജ്‌ബെഹ്‌റയ്ക്കും പഹൽഗാമിനുമിടയിലും റെയിൽവേ ലൈൻ നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഈ പ്രദേശങ്ങളെല്ലാം കശ്മീരിലെ പ്രധാന ആപ്പിൾ ഉത്പാദന കേന്ദ്രങ്ങളാണ്. ഇത് കശ്മീരിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇതോടെ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു.ചിപ്പ്‌ക്കോ സമരത്തിന് സമാനമായി ആപ്പിൾ മരങ്ങളെ ആലിംഗനം ചെയ്തായിരുന്നു കർഷകരുടെ പ്രതിഷേധം. ആപ്പിൾ തോട്ടങ്ങളെ സംരക്ഷിച്ച് റെയിൽവേ നിർമാണം അവസാനിപ്പിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഈ പദ്ധതി നടപ്പാക്കിയെങ്കിൽ ആപ്പിൾ തോട്ടങ്ങൾ നശിക്കുകയും ജനങ്ങളുടെ ജീവിതമാർഗം തട്ടിപ്പറിക്കുന്നതിനും തുല്യമായേനെ എന്നാണ് പുൽവാമയിലെ രജ്‌പോര എംഎൽഎ ഗുലാം മൊഹിയുദ്ദീൻ പ്രതികരിച്ചത്.