September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 28, 2026

നിങ്ങളുടെ ഏറ്റവും മികച്ച കുഞ്ഞിനെ സ്വന്തമാക്കൂ, ചെലവ് എട്ടു ലക്ഷം’; പരസ്യത്തെ ഏറ്റെടുത്ത് ദമ്പതികൾ, സോഷ്യൽ മീഡിയയിൽ വിമർശനവും

SHARE

യുഎസ് ആസ്ഥാനമായുള്ള ഒരു ഫെർട്ടിലിറ്റി സ്റ്റാർട്ടപ്പായ ന്യൂക്ലിയസ് ജീനോമിക്സ്, കുഞ്ഞിന്റെ ഉയരവും ബുദ്ധിശക്തിയും പ്രവചിക്കാൻ ഭ്രൂണ പരിശോധന വാഗ്ദാനം ചെയ്തുകൊണ്ട് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘നിങ്ങളുടെ ഏറ്റവും മികച്ച കുഞ്ഞിനെ സ്വന്തമാക്കൂ’(Have Your Best Baby) എന്ന കുറിപ്പോടെ ന്യൂയോർക്കിലെ സബ്‌വേകളിൽ കമ്പനി പരസ്യം നൽകിയതോടെ ആണ് സംഭവം കത്തിക്കയറിയത്. ഗർഭപാത്രത്തിലിരിക്കുന്ന കുഞ്ഞിന്റെ സവിശേഷതകൾ പ്രവചിക്കുന്ന സേവനം വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനി. ഏകദേശം എട്ട് ലക്ഷം രൂപയാണ് ഇതിന്റെ ചെലവായി കമ്പനി കണക്കാക്കുന്നത്.

ഗർഭപാത്രത്തിലിരിക്കുന്ന കുഞ്ഞിന്റെ ജനിതകപരമായ വിവരങ്ങളൊന്നും പുറത്തുവിടുന്നത് പോലും നിയമവിരുദ്ധമായ സാഹചര്യത്തിൽ വലിയ ചർച്ചകൾക്കും ധാർമിക ആശങ്കകൾക്കുമാണ് ഈ പരസ്യം വഴിവച്ചിരിക്കുന്നത്. ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (IVF) നടത്തുന്ന ദമ്പതികൾ സ്റ്റാർട്ടപ്പിന്റെ സേവനത്തിൽ ചേരുന്നതിന് 8 ലക്ഷം രൂപ ($8,999) നൽകേണ്ടതുണ്ട്, ഇതിൽ 20 ഭ്രൂണങ്ങളുടെ പൂർണ്ണമായ DNA ശ്രേണി ഉൾപ്പെടുന്നു. ആരോഗ്യസ്ഥിതികൾക്കായി കുഞ്ഞുങ്ങളെ പരിശോധിക്കുന്നതിനു പുറമേ, കണ്ണ്, മുടിയുടെ നിറം തുടങ്ങിയ ശാരീരിക സവിശേഷതകൾക്കായി ഇവിടെ പരിശോധനയ്ക്കു വിധേയമാക്കുമെന്നാണ് റിപ്പോർട്ട്. രൂപം, സൗന്ദര്യം, മാനസികാരോഗ്യം, പാരമ്പര്യ രോഗം, കാൻസർ ഉൾപ്പെടെ രണ്ടായിരത്തിലധികം ജനിതക വിശകലനങ്ങൾ നടത്തും.എന്നാൽ വലിയ ഒരു വിഭാഗം ആളുകൾ കമ്പനിക്കും പരസ്യത്തിനുമെതിരെ സമൂഹമാധ്യമത്തിലടക്കം എതിർപ്പുകൾ ഉയർത്തുന്നുണ്ട്. പക്ഷെ കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന മാതാപിതാക്കൾ കമ്പനിയുടെ നീക്കത്തിൽ വലിയ താൽപര്യം പ്രകടിപ്പിക്കുന്നതായാണ് റിപ്പോർട്ട്. നവംബർ 14-ന് ആണ് പരസ്യങ്ങൾ എത്തിയത്. അതിനു പിന്നാലെ കമ്പനിയുടെ വിൽപ്പനയിൽ 1,700 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.