കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടിച്ചെടുത്തത് രണ്ട് കോടിയോളം രൂപയുടെ സ്വർണം

മലപ്പുറം: കരിപ്പൂരിൽ നിന്ന് രണ്ട് കോടിയോളം രൂപയുടെ സ്വർണം പിടികൂടി. സ്വർണം കടത്തിയ രണ്ട് യാത്രക്കാരും ഏറ്റുവാങ്ങാൻ എത്തിയ രണ്ട് പേരും പിടിയിലായി. ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. പുലർച്ചെ ഒന്നരയോടെ ദുബായിൽ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അൽ അമീൻ (24) ആണ് പിടിയിലായത്. ധരിച്ച ജീൻസ് പാൻ്റിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചായിരുന്നു സ്വർണകടത്ത്. ജീൻസിൽ ഒരു കോടിയോളം രൂപയുടെ സ്വർണമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അൽ അമീനിൽ നിന്നും സ്വർണം സ്വീകരിക്കാനെത്തിയെ നാദാപുരം സ്വദേശികളായ എം. ഹാരിസ് (36), പി.ടി ഹാരിസ് (38) എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ. രാവിലെ 8.30ന് റാസൽഖൈമയിൽ നിന്നെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശി ഷാജഹാനും പിടിയിലായി. ഷാജഹാൻ്റെ ശരീരത്തിൽ ഒളിപ്പിച്ച മൂന്ന് ക്യാപ്സൂളുകളിൽ നിന്ന് 790.5 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്.

