September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 27, 2026

അനധികൃത വാടക ഗർഭധാരണ ചികിത്സ; ‘മാമാ മിയ’ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി എഫ്ഐആർ

SHARE

കൊച്ചി: അനധികൃത വാടക ഗർഭധാരണ ചികിത്സ നടത്തിയ “മാമാ മിയ” എന്ന സ്ഥാപനത്തിനെതിരെ കേസ്. നിയമപരമായി നേടിയ ലൈസൻസ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് എഫ്ഐആറിലെ പരാമർശം. സ്ത്രീകളെ പ്രതിഫലം വാഗ്ദാനം ചെയ്ത് അന്യായമായി തടങ്കലിൽ പാർപ്പിച്ചെന്നും അനധികൃതമായി അണ്ഡശേഖരണവും ഗർഭധാരണവും നടത്തി പണം സമ്പാദിച്ചുവെന്നുമാണ് കേസ്.  മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ സ്ഥാപനത്തിനെതിരെ ചുമത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ പരസ്യങ്ങളിലൂടെയാണ് മാമാ മിയ ഇരകളെ വീഴ്ത്തിയത്.

മാമാ മിയയിൽ നിന്ന് സറോഗസി ചെയ്യാൻ നിർബന്ധിച്ചതായി സ്ഥാപനത്തിലെ രണ്ട് മുൻ ജീവനക്കാരികൾ റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. സറഗേറ്റ് അമ്മയാവാൻ സ്ത്രീകളെ ക്ഷണിക്കുന്ന തരത്തിലുള്ള പരസ്യങ്ങളും മറ്റും നിയമം വഴി കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ സറഗേറ്റ് അമ്മമാരെ തേടി ഇൻസ്റ്റാഗ്രാമിൽ പരസ്യം ചെയ്യുന്നവരും ഉണ്ടെന്നാണ്  അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ഇത്തരം കാര്യങ്ങളെന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പരാതി തന്നാൽ നടപടി എടുക്കാമെന്നുമായിരുന്നു സംസ്ഥാന നോഡൽ ഏജൻസി അന്ന് നൽകിയ വിശദീകരണം.സർക്കാരിന്റെ അനുമതിയില്ലാത്ത സ്ഥാപനങ്ങൾ വാടക ഗർഭ ധാരണ ചികിത്സ നടത്തുന്നതായും  അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എആർടി ബാങ്ക് ആയി മാത്രം പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഇതുവഴി കോടികളാണ് സ്ഥാപനങ്ങൾ കൊയ്തിരുന്നത്. വാർത്തയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ടിരുന്നു. പറഞ്ഞുകേട്ട വിവര പ്രകാരം ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്ന് വീണാ ജോർജ് പറഞ്ഞിരുന്നു. രാജ്യത്ത് പണം നൽകിയുള്ള വാടക ഗർഭധാരണം നിരോധിച്ചിരിക്കുന്നുവെന്നും ലൈസൻസില്ലാത്ത സ്ഥാപനം വാടക ഗർഭധാരണം നടത്തിയാൽ 10 വർഷം തടവും 10 ലക്ഷം രൂപ പിഴയുമുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു.