മിനി കൂപ്പർ എസ്.ഇ ഇന്ത്യയിലേക്ക്; ലോഞ്ചിന് മുൻപേ പ്രീ-ബുക്കിംഗ് ആരംഭിച്ചു.

ഇന്ത്യൻ വാഹന വിപണിയിൽ പുതിയ ഇലക്ട്രിക് കാർ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനി. കമ്പനിയുടെ പുതിയ തലമുറ ഇലക്ട്രിക് ഹാച്ച്ബാക്കായ മിനി കൂപ്പർ എസ്ഇ, പ്രത്യേക പതിപ്പായ മിനി പോൾ സ്മിത്ത് എന്നിവയുടെ പ്രീ-ലോഞ്ച് ബുക്കിങ്ങാണ് ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നത്. നവംബർ 27നാണ് ഈ മോഡലുകൾ ഔദ്യോഗികമായി വിപണിയിലെത്തുക. രാജ്യത്തെ അംഗീകൃത മിനി ഡീലർഷിപ്പുകൾ വഴി ഉപഭോക്താക്കൾക്ക് വാഹനങ്ങൾ ബുക്ക് ചെയ്യാം.
പുതിയ മിനി കൂപ്പർ എസ്ഇ പൂർണമായും ഇലക്ട്രിക്കിൽ പ്രവർത്തിക്കുന്ന വാഹനമാണ്. മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് ബാറ്ററി ശേഷിയിലും ഡ്രൈവിങ് റേഞ്ചിലും കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുക. 54.2 kWh ബാറ്ററി പായ്ക്കാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 402 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് WLTP അടിസ്ഥാനത്തിലുള്ള കമ്പനിയുടെ അവകാശവാദം.
പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 6.7 സെക്കൻഡ് മതിയാകും. മണിക്കൂറിൽ 170 കിലോമീറ്ററാണ് പരമാവധി വേഗത. 95 kW DC ഫാസ്റ്റ് ചാർജിങ് സംവിധാനത്തിലൂടെ 30 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. ഡിസൈനിലും ഇന്റീരിയറിലും പുതിയ തലമുറ MINI Cooper SE വ്യത്യസ്തത പുലർത്തുന്നുണ്ട്. വാഹനത്തിന്റെ അകത്തളത്തിലെ പ്രധാന ആകർഷണം 9.45 ഇഞ്ച് വൃത്താകൃതിയിലുള്ള OLED ടച്ച്‌സ്‌ക്രീനാണ്. ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിനൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായും ഇത് പ്രവർത്തിക്കുന്നു. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിങ്, 360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, ADAS സംവിധാനങ്ങൾ തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെത്തുന്ന മോഡലിലെ കൃത്യമായ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, മിനിയുടെ പുതിയ മിനി പോൾ സ്മിത്ത് എഡിഷൻ വാഹനപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ. പ്രശസ്ത ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ പോൾ സ്മിത്തുമായി സഹകരിച്ചാണ് ഈ പ്രത്യേക പതിപ്പ് ഒരുക്കിയിരിക്കുന്നത്. മിനി കൂപ്പർ എസ്, MINI Convertible, മിനി കൂപ്പർ എസ്ഇ എന്നീ മൂന്ന് മോഡലുകളിലാണ് പോൾ സ്മിത്ത് എഡിഷനിൽ ലഭ്യമാകുക.

