പയ്യന്നൂർ സംഭവത്തിൽ കർശന നടപടി വേണം; എം.എൽ.എയുടെ പ്രസംഗം തടസ്സപ്പെടുത്തി പേഴ്സണൽ സ്റ്റാഫിനെ കൈയേറ്റം ചെയ്തത് അപലപനീയം: അഡ്വ. മാർട്ടിൻ ജോർജ്

കണ്ണൂർ: പയ്യന്നൂരിൽ തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നടന്ന സഹകരണ വാരാഘോഷ ഉദ്ഘാടനച്ചടങ്ങിൽ സ്ഥലം എം.എൽ.എ വി. കുഞ്ഞികൃഷ്ണന്റെ പ്രസംഗം സംഘടിതമായി തടസ്സപ്പെടുത്തുകയും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രസന്നനെ കൈയേറ്റം ചെയ്യുകയും ചെയ്ത സി.പി.എം പ്രവർത്തകരുടെ നടപടി ജനാധിപത്യ മര്യാദകളോടുള്ള വെല്ലുവിളിയാണെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പ്രതികരിച്ചു. തങ്ങൾക്ക് പ്രസംഗം തടസ്സപ്പെടുത്തിയും കൈയേറ്റം നടത്തിയും ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് സി.പി.എം പ്രവർത്തകരുടെ വ്യാമോഹം മാത്രമാണ്. ഒരു ജനപ്രതിനിധിക്ക് പൊതുവേദിയിൽ നിലപാടുകൾ തുറന്നുപറയാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അതു തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫിനെ കൈയേറ്റം ചെയ്തതും പ്രതിഷേധം ചിത്രീകരിച്ചവരെ ആക്രമിക്കാൻ ശ്രമിച്ചതും അതീവ ഗൗരവത്തോടെ കാണണം.
പയ്യന്നൂരിൽ സ്ഥലം എം.എൽ.എയെ ഒഴിവാക്കി സഹകരണ വാരാഘോഷം നടത്താനാണ് സിപിഎം ആഭിമുഖ്യമുള്ള സംഘാടകർ ആദ്യം തീരുമാനിച്ചത്. പിന്നീട് സഹകരണ വകുപ്പ് ഇടപെട്ടതിനെത്തുടർന്ന് എം എൽ എ യെ ഉദ്ഘാടകനാക്കേണ്ടി വന്നു. ഇതേ സംഘാടകർ പരിപാടിയുടെ വേദിയിൽ നഗരസഭാ ചെയർമാന്റെ പേരും ചിത്രവും വെച്ച് ബോർഡ് സ്ഥാപിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. ഇത്തരം നടപടികളിലൂടെ അനാവശ്യമായ സംഘർഷങ്ങൾക്ക് വഴിയൊരുക്കുകയാണ് സിപിഎം ചെയ്തത്. പരിപാടി അലങ്കോലപ്പെടുത്താൻ ബോധപൂർവമായ ശ്രമമാണ് നടന്നത്. സംഭവം ഗൗരവമായി അന്വേഷിക്കണം. എം എൽ എ യുടെ സ്റ്റാഫംഗത്തിനു നേരെ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണം. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണം. സഹകരണ മേഖലയെ രാഷ്ട്രീയ താൽപര്യങ്ങൾക്കും വ്യക്തിവിരോധങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. പയ്യന്നൂരിൽ ജനാധിപത്യപരമായ അഭിപ്രായപ്രകടനത്തിനുപോലും ഇടമില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ആശങ്കാജനകമാണ്. രാഷ്ട്രീയ വിയോജിപ്പുകൾ അക്രമത്തിലൂടെ നേരിടുന്ന രീതി തിരുത്താൻ സി.പി.എം നേതൃത്വം തയ്യാറാകണം. ജനപ്രതിനിധിയുടെ അവകാശം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

