സഹകരണ വേദിയിലും അസഹിഷ്ണുത; പി.എം. ശ്രീയിൽ കുറ്റസമ്മതം: സി.പി.എം ജനങ്ങളോട് മറുപടി പറയണമെന്ന് സണ്ണി ജോസഫ്

കണ്ണൂർ: പയ്യന്നൂർ കണ്ടോത്ത് സഹകരണ വാരാഘോഷ പരിപാടിയിൽ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ പ്രസംഗം തടസ്സപ്പെടുത്തുകയും അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ജനപ്രതിനിധിക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന നടപടി സി.പി.എമ്മിന്റെ ഭയത്തിന്റെയും രാഷ്ട്രീയ അസഹിഷ്ണുതയുടെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ ജനവിധിയിലൂടെ ജനങ്ങൾ തിരിച്ചടി നൽകിയിട്ടും രാഷ്ട്രീയ ഗുണ്ടായിസം ഉപേക്ഷിക്കാൻ സി.പി.എം തയ്യാറാകാത്തത് പരിതാപകരമാണ്. ജനാധിപത്യപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സംഭവത്തിലെ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പി.എം. ശ്രീ പദ്ധതിയിൽ ഇടതുപക്ഷ സർക്കാർ ഒപ്പിട്ടത് ശരിയായില്ലെന്നും അബദ്ധത്തിൽ സംഭവിച്ചുപോയതാണെന്നുമുള്ള എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തെയും വരുംതലമുറയുടെ ഭാവിയെയും ബാധിക്കുന്ന സുപ്രധാന വിഷയത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയെന്ന് പറയുന്നത് ഗുരുതരമായ ഭരണവീഴ്ചയുടെ കുറ്റസമ്മതമാണ്. ആർ.എസ്.എസിന്റെ അജണ്ടയ്ക്ക് വഴങ്ങി, എൽ.ഡി.എഫിലെ ഘടകകക്ഷികളെപ്പോലും ഇരുട്ടിൽ നിർത്തിയാണ് സി.പി.എം സർക്കാരിനെ പി.എം. ശ്രീ പദ്ധതിയുടെ ഭാഗമാക്കിയതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. രാഷ്ട്രീയ വിലപേശലിനുവേണ്ടി സ്വീകരിച്ച ഈ നിലപാട് സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി. അതിന് കേരള ജനത നൽകിയ ശക്തമായ താക്കീതിന്റെ ജാള്യത മറയ്ക്കാനാണ് ഇപ്പോൾ അബദ്ധമെന്ന വിശദീകരണവുമായി രംഗത്തെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ നയത്തിൽ അബദ്ധം പറ്റിയെന്ന് സമ്മതിക്കുന്നവർക്ക് ജനാധിപത്യപരമായ വിമർശനങ്ങൾ കേൾക്കാനുള്ള സഹിഷ്ണുതപോലുമില്ലെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ നിശ്ശബ്ദരാക്കിയും എതിർസ്വരങ്ങളെ കായികമായി നേരിട്ടും മുന്നോട്ടുപോകാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടൽ കേരളത്തിൽ വിലപ്പോവില്ല.
വിദ്യാഭ്യാസ നയത്തിലെ ഗുരുതരമായ വീഴ്ചയ്ക്കും സഹകരണ വേദിയിലെ കയ്യേറ്റത്തിനും സി.പി.എം നേതൃത്വം ജനങ്ങളോട് മറുപടി പറയണം. രാഷ്ട്രീയ അസഹിഷ്ണുതകൊണ്ട് ജനാധിപത്യ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ അനുവദിക്കില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

