October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

പ്രകൃതിദത്ത വജ്രം, ഇനി ലാബിൽ വികസിപ്പിക്കാം.. മലയാളി സ്റ്റാർട്ടപ്പ് ശ്രദ്ധേയമാകുന്നു

SHARE

ആഭരണ വ്യവസായത്തിൽ വൻ പരിവർത്തനത്തിനൊരുങ്ങി ‘ലാബ് ഗ്രോൺ ഡയമണ്ട്’ എന്ന പുത്തൻ ആശയം. പ്രകൃതിദത്ത വജ്രത്തിന് ബദലായി അതേ ഗുണനിലവാരത്തിൽ ലാബിൽ നിർമിക്കുന്ന വജ്രത്തെയാണ് ‘ലാബ് ഗ്രോൺ ഡയമണ്ട്’ എന്ന് പറയുന്നത്. കാർബൺ വജ്രമാകുന്നതിനുള്ള ഉയർന്ന ചൂടും മർദവും ലാബിൽ ഒരുക്കും.

1500–1800 ഡിഗ്രി ചൂട് കാർബണ് നൽകിയാണ്‌ ഇത്തരം വജ്രം നിർമിക്കുന്നത്. അഞ്ച് മുതൽ എട്ടാഴ്ച വരെ ഉയർന്ന മർദ്ദത്തിലൂടെ ഇത് കടത്തിവിടും. ‘എലിക്‌സർ ജ്വൽസ്’ ആണ് ഈ സ്റ്റാർട്ടപ് ഉൽപ്പന്നം വിപണിയിലെത്തിക്കുന്നത്. ഗ്രീൻ ഡയമണ്ട്, കൾച്ചേർഡ് ഡയമണ്ടെന്നും ലാബ് ഗ്രോൺ ഡയമണ്ടെന്നും ഇത് അറിയപ്പെടുന്നു.യഥാർഥ വജ്രത്തിൻ്റെ പരിശുദ്ധിയും ഗുണമേന്മയും നിലനിർത്തിയാണ് എലിക്‌സർ തങ്ങളുടെ ലാബിൽ വജ്രാഭരണങ്ങൾ വികസിപ്പിച്ചത്. പ്രകൃതിദത്ത വജ്രത്തേക്കാൾ പത്തിലൊന്ന് വിലയേ ഇതിനുള്ളൂ എന്നതാണ് പ്രത്യേകത.

 

പ്രകൃതിദത്ത വജ്രങ്ങളുടെ അതേ ക്രിസ്റ്റൽ ഘടനയും രാസഘടനയുമാണ് ഇതിനുള്ളത്. വജ്രത്തിൻ്റെ ഗുണമേന്മയ്ക്ക് ഇൻ്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐജിഐ), ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക (ജിഐഎ) തുടങ്ങി പ്രമുഖ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് എലിക്‌സറിന് ലഭിച്ചിട്ടുണ്ട്.

എലിക്‌സറിൻ്റെ ആഭരണ നിർമാണ ലാബ് ഗുജറാത്തിലെ സൂറത്തിൽ സ്ഥിതി ചെയ്യുന്നു. സാങ്കേതിക പ്രവർത്തനത്തിനായുള്ള എലിക്‌സറിൻ്റെ ഓഫീസ് കൊല്ലത്ത് പ്രവർത്തിക്കുന്നു. സംസ്ഥാനത്ത്‌ ഉടൻ വിപണനം ആരംഭിക്കുന്ന എലിക്സറിൻ്റെ വജ്രാഭരണം കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിലാണ് പുറത്തിറക്കിയത്. പി ആർ സായ്‌രാജ്, മിഥുൻ അജയ്, മുനീർ മുജീബ് എന്നിവരാണ്‌ സ്റ്റാർട്ടപ്പിനു പിന്നിൽ.