November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 4, 2026

പരിമിതികളെ മറികടന്ന് ദേശീയ കായിക മേളയിലേക്ക് ; ഗൗതം കൃഷ്ണയ്ക്ക് സ്കൂളിന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം.

SHARE

 

ഇരിട്ടി:മലയോരത്തിൻ്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകി ദേശീയ കായിക മേളയിലേക്ക് കേരളത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പരിക്കളം ശാരദവിലാസം എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഗൗതം കൃഷ്ണയ്ക്ക് ഉളിക്കൽ ടൗണിൽ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി. ഊരത്തൂർ സ്വദേശിയായ ഗൗതമിന്റെ നേട്ടം വിദ്യാലയത്തിനും കുടുംബത്തിനും നാടിനും ഒരുപോലെ അഭിമാനമായി.
മികച്ച കായിക പരിശീലന സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളുമുള്ള സ്പോർട്സ് സ്കൂളുകളിലെ കായിക താരങ്ങളായ വിദ്യാർത്ഥികളോട് മത്സരിച്ചാണ് ഗൗതം കൃഷ്ണ ദേശീയ കായിക മേളയിൽ കേരളത്തിൻ്റെ പ്രതിനിധിയായി യോഗ്യത നേടിയത്.

സാമ്പത്തിക പ്രതിസന്ധിയും ആധുനിക സ്റ്റേഡിയങ്ങളുടെ നിലവാരമില്ലായ്മയും മികവാർന്ന പരിശീലനത്തിൻ്റെ അഭാവവും മൈതാനങ്ങളുടെ ബൗദ്ധിക സാഹചര്യങ്ങളുടെ അപര്യാപ്തതയും മറികടന്ന് മലയോര മേഖലയിലെ ഒരു സാധാരണ എയ്ഡഡ് വിദ്യാലയത്തിൽനിന്ന് ദേശീയ തലത്തിലേക്ക് ഒരു വിദ്യാർത്ഥി എത്തുമ്പോൾ അത് ഒരു കുട്ടിയുടെ മാത്രം വിജയമല്ല; വിദ്യാലയത്തിന്റെ ഇച്ഛാശക്തിയുടെയും അധ്യാപകരുടെ സമർപ്പണത്തിന്റെയും കുടുംബത്തിന്റെ പിന്തുണയുടെയും വിദ്യാർത്ഥിയുടെ നിരന്തര പരിശ്രമത്തിന്റെയും ആകെത്തുകയാണ്.

വിദ്യാർത്ഥിയുടെ കായികശേഷി തിരിച്ചറിഞ്ഞ് പരിമിതികൾക്കുള്ളിൽ നിന്ന് മികച്ച പരിശീലനവും പ്രോത്സാഹനവും നൽകുന്നതിൽ ഉളിക്കൽ പരിക്കളം ശാരദവിലാസം എ.യു.പി സ്കൂൾ നിർണായക പങ്കുവഹിച്ചു. കായികാധ്യാപകൻ സ്റ്റീഫൻ മാസ്റ്ററുടെ നേതൃത്വത്തിൽ സബ്ജില്ലാ കായികമേളയിലും തുടർന്ന് സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നൽകി. ഊരത്തൂരിലെ ഗ്രാമീണ മൈതാനത്ത് കൂട്ടുകാർക്കൊപ്പം ഗൗതം നടത്തിയ നിരന്തര പരിശീലനവും സ്വന്തം നിലയിൽ ആർജിച്ച മികവും ഈ മുന്നേറ്റത്തിന് കരുത്തേകി. പഠനത്തോടൊപ്പം കായികരംഗത്തും മുന്നേറാൻ ഗൗതത്തിന് ആത്മവിശ്വാസം പകർന്ന കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഈ നേട്ടത്തിന്റെ പ്രധാന ഘടകമാണ്.മലയോര മേഖലയിലെ എയ്ഡഡ് വിദ്യാലയങ്ങൾക്ക് സ്വന്തമായി മികച്ച കായിക പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിന് സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ നിരവധി പരിമിതികളുണ്ട്. ആവശ്യമായ കളിസ്ഥലങ്ങൾ, കായിക ഉപകരണങ്ങൾ, ആധുനിക പരിശീലന സംവിധാനങ്ങൾ എന്നിവയുടെ അഭാവം പലപ്പോഴും വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് തടസ്സമാകുന്നു. എന്നിട്ടും ലഭ്യമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ മുന്നോട്ടുനയിക്കാൻ പരിക്കളം ശാരദവിലാസം എ.യു.പി സ്കൂൾ നടത്തുന്ന ശ്രമങ്ങളുടെ നേർക്കാഴ്ചയാണ് ഗൗതത്തിന്റെ നേട്ടം.

സർക്കാർ കായികാധ്യാപകരെ നിയമിക്കുകയും ആവശ്യമായ പരിശീലന സൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും ഉറപ്പാക്കുകയും ചെയ്താൽ മലയോര മേഖലയിലെ പൊതുവിദ്യാലയങ്ങളിൽനിന്ന് ഇനിയും നിരവധി ദേശീയ കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ കഴിയും. ഉളിക്കൽ പഞ്ചായത്തിൽ ഇനിയും നിരവധി കായിക പ്രതിഭകളുണ്ടെന്നും അവർക്ക് കൃത്യമായ പരിശീലനം ലഭിച്ചാൽ കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും സ്വീകരണച്ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മികച്ച കായിക പരിശീലനത്തിനാവശ്യമായ ഗ്രൗണ്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പഞ്ചായത്തിൽ ഒരുക്കാൻ ശ്രമിക്കുമെന്ന് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് സിജി സണ്ണി അറിയിച്ചു.
പരിക്കളം എജ്യുക്കേഷൻ സൊസൈറ്റി മാനേജർ അഡ്വ.കെ.ജി.ദിലീപ് അധ്യക്ഷനായി

ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. സുജി,
പരിക്കളം എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പി.വി. ഉഷാദ്, പ്രധാനാധ്യാപകൻ കെ.കെ.സുരേഷ് കുമാർ., പി.ടി.എ പ്രസിഡന്റ് സുജീഷ്, മദർ പി.ടി.എ പ്രസിഡന്റ് ഖദീജ, പി.കെ.ശശി,ഡോ. എം.പി. ചന്ദ്രാംഗദൻ, കായികാധ്യാപകരായ സ്റ്റീഫൻ , ബെഞ്ചമിൻ , വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബിനു മുട്ടത്തിൽ, സീനിയർ അസി.എം എസ് വിദ്യാറാണി എം.എസ്., പഞ്ചായത്ത് അംഗങ്ങളായ നിർമല , എം. അസീസ്, പി.ജി.പ്രദീപ് പി.ജി. എന്നിവർ സംസാരിച്ചു.