October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 7, 2026

രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം; സന്ദര്‍ശനം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ

SHARE

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകളും ചേരിതിരിഞ്ഞുള്ള പിന്തുണ പ്രഖ്യാപിക്കലുകള്‍ക്കുമിടെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രമേശ് ചെന്നിത്തല ശ്രമിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയത്. രാഹുല്‍ ഗാന്ധിയുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തിയേക്കും.തിരഞ്ഞെടുപ്പ് ഫലം വരാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയുള്ള ഈ ഡല്‍ഹി സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഇന്നലെ വൈകീട്ടാണ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലെത്തിയത്. ഇന്ന് മഹാരാഷ്ട്രയിലെ നേതാക്കളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയിലില്ല. അദ്ദേഹം ആന്റമാനിലായ സാഹചര്യത്തില്‍ ഖര്‍ഗെയെ കണ്ട് സംസാരിക്കാന്‍ രമേശ് ചെന്നിത്തല നീക്കം നടത്തുന്നുവെന്നാണ് വിവരം.അതേസമയം മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. എറണാകുളം ഡിസിസി ഓഫിന് മുന്നിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയെ അനുകൂലിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍ എന്നാണ് വിവരം. വി ഡി സതീശന്‍ പി ആര്‍ പണി നിര്‍ത്തണമെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് കാണിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള വി ഡി സതീശന്റെ വ്യാമോഹം നടക്കില്ലെന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലിയുടെ പേരിലുള്ള പോസ്റ്ററില്‍ പറയുന്നത്. വി ഡി സതീശന്റെ പി ആര്‍ പണി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളുമെന്നുമാണ് മറ്റൊരു പോസ്റ്ററിലെ രൂക്ഷമായ ആക്ഷേപം.