പ്രത്യേക പാര്‍ലമെന്റ് സമ്മേളനം; ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങള്‍; നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗവും കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പും ഇന്ന്.

മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാ സംവരണ ബില്ലും കൊണ്ടുവരാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍. പ്രതിപക്ഷ നിരയില്‍ നിന്ന് ആരൊക്കെ ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് ആകാംക്ഷ. നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗവും പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് യോഗവും ഇന്നാണ്.വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. തിങ്കളാഴ്ച ലോക്‌സഭയും ബുധനാഴ്ച രാജ്യസഭയും ചേരും. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് അംഗീകാരം നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2029ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്ര വാദം. എന്നാല്‍, ബില്‍ പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ എന്‍ഡിഎയ്ക്ക് പുറത്ത് നിന്ന് ലഭിക്കുന്ന വോട്ടുകള്‍ സര്‍ക്കാരിന് നിര്‍ണായകമാണ്.
സ്പീക്കര്‍ ഉള്‍പ്പെടെ നിലവില്‍ 540 അംഗങ്ങളുള്ള ലോക്‌സഭയില്‍ 539 പേരും വോട്ട് ചെയ്താല്‍ ബില്‍ പാസാക്കാന്‍ 360 വോട്ടുകള്‍ വേണം. എന്നാല്‍, എന്‍ഡിഎയ്ക്ക് 325 എംപിമാരുടെ പിന്തുണ മാത്രമാണുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ സര്‍ക്കാരിന് 298 വോട്ടുകളും പ്രതിപക്ഷത്തിന് 230 വോട്ടുകളുമാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തുനിന്ന് ആരൊക്കെ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യാ സഖ്യം വിട്ട 22 അംഗങ്ങളുള്ള ഡിഎംകെയുടേയും, എട്ട് അംഗങ്ങളുള്ള എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെയും നിലപാടുകള്‍ നിര്‍ണായകമാകും. സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് വൈകിട്ട് ഡല്‍ഹിയില്‍ യോഗം ചേരും.

