വിധവകളെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തണം: വിധവ സംരക്ഷണ സമിതി

ചെമ്പേരി: വിധവകൾ ഗൃഹനാഥരായ റേഷൻ കാർഡുകൾ ബിപിഎൽ ആക്കി മാറ്റണമെന്നും വിധവ പെൻഷൻ അയ്യായിരം രൂപയാക്കി വർധിപ്പിക്കുക, മുഴുവൻ വിധവകൾക്കും പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉടൻ നടപ്പാക്കണമെന്നും കേരള വിധവ സംരക്ഷണ സമിതി. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി ഒരു ലക്ഷം ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും സമർപ്പിക്കുന്ന ഭീമ ഹർജിയിലേക്കുള്ള ഒപ്പ് ശേഖരണത്തിൻ്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ചെമ്പേരിയിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും കേരളാ മീഡിയ പേഴ്സൺ യൂണിയൻ (കെഎംപിയു) ഇരിട്ടി മേഖല പ്രസിഡൻ്റുമായ തോമസ് അയ്യങ്കാനാൽ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി സാവിത്രി ശ്രീധരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ വി.ഡി.ബിൻ്റോ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻ്റ് ടി.ജെ.ലില്ലിക്കുട്ടി, ജിനേഷ് കാളിയാനിയിൽ, ശാരദ വാതിൽമട, ലളിത പയ്യാവൂർ, തങ്കമ്മ കുര്യൻ, മിനി കിളിയന്തറ, വസന്ത ഇരിട്ടി, രാധ പയ്യാവൂർ, മേരി മാത്യു കിടാരത്തിൽ എന്നിവർ പ്രസംഗിച്ചു.


