October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

‘നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കും’; പശ്ചിമബംഗാളില്‍ വര്‍ഗീയ പരാമര്‍ശം ആവര്‍ത്തിച്ച് സുവേന്ദു അധികാരി

SHARE

പശ്ചിമബംഗാളില്‍ വര്‍ഗീയ പരാമര്‍ശം ആവര്‍ത്തിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. താന്‍ നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുമെന്നാണ് പരാമര്‍ശം. മുസ്ലീങ്ങളെല്ലാം വോട്ട് ചെയ്തത് തൃണമൂലിന് വേണ്ടിയാണെന്നും അതുകൊണ്ട് നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്കായി പ്രവര്‍ത്തിക്കുമെന്നുമാണ് പറഞ്ഞത്. ബംഗാളില്‍ കണ്ടത് സനാതന ധര്‍മ്മത്തിനായുള്ള വിജയമെന്നും സുവേന്ദു അധികാരി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തുടനീളം ഹിന്ദു മുസ്ലിം വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടര്‍ന്ന സുവേന്ദു അധികാരിക്ക് ഫലം വന്നപ്പോഴും മാറ്റമില്ലെന്നാണ് വ്യക്തമാകുന്നത്. അതേസമയം, ബംഗാളിലെ സംസ്ഥാന ഭരണവും ഒപ്പം തന്റെ മണ്ഡലവും നഷ്ടമായ മമതാ ബാനര്‍ജിക്ക് ഇനി തിരിച്ചുവരവ് എളുപ്പമല്ല. ബിജെപിയുടേത് അധാര്‍മിക വിജയം എന്ന് വിമര്‍ശിക്കുന്ന മമത വൈകിട്ട് നാലുമണിക്ക് മാധ്യമങ്ങളെ കാണും.

തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളില്‍ കൂടി കടന്നു കയറിയാണ് ബിജെപിയുടെ ജയം. ഭവാനിപ്പൂരിലെ തോല്‍വി മമതക്ക് നല്‍കുന്നത് സമാനതകള്‍ ഇല്ലാത്ത തിരിച്ചടിയും നേരിട്ടു. എസ്‌ഐആര്‍ മൂലം 50000ലേറെ വോട്ട് ഭവാനിപുരില്‍ മാത്രം റദ്ദാക്കപ്പെട്ടിരുന്നു. തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്ന് തൃണമൂല്‍ കണക്കാക്കുന്നതും ഇതുതന്നെ. ബംഗാളികള്‍ അല്ലാത്ത കൊല്‍ക്കത്തയിലെ വോട്ടര്‍മാരും ഹിന്ദു വോട്ടര്‍മാരും ബിജെപിയെ സഹായിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ബിജെപി തരംഗം തടയാന്‍ അത് മതിയാവുമായിരുന്നില്ല.

ഫലം വന്നതിനുശേഷം രാത്രി സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായ ആക്രമങ്ങള്‍ ഉണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ പലയിടത്തും ആക്രമിക്കപ്പെട്ടു.