October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 11, 2026

യുവതിയെ തട്ടിക്കൊണ്ടുപോയി; 4 പല്ല് ഇടിച്ചു കൊഴിച്ചു, ആഭരണം കവർന്നു; സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍.

SHARE

കോഴിക്കോട് : യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് സ്വര്‍ണാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികള്‍ അറസ്റ്റിൽ. കാക്കൂര്‍ കൊയാളിമൂക്ക് പാറന്നൂര്‍ സ്വദേശിനി വി.പി ക്വാർട്ടേഴ്സിൽ റഹ്മത്ത്(41) എറണാകുളം കാലടി സ്വദേശി പുളിക്കുന്നത്ത് വീട്ടിൽ അനില്‍ കുമാര്‍ (47) അന്നശ്ശേരി സ്വദേശിനി എടവനകുഴി കോളനിയില്‍ സുഹറ (42) കല്ലായി ചക്കും കടവ് സ്വദേശിനി ആനമാട് പറമ്പ് വീട്ടില്‍ അയിഷ (43) വെള്ളയില്‍ സ്വദേശിനി നാലുകൂടിപറമ്പ് വീട്ടില്‍ സൗദ (45) മുക്കം ചേന്നമംഗലൂര്‍ സ്വദേശി സുബിരാജ് (46) എന്നിവരെ കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.

ഏഴാം തീയതി വൈകുന്നേരം ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുന്ദമംഗലം സ്വദേശിനിയായ യുവതി പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ശുചീകരണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പുതിയ ബസ് സ്റ്റാൻഡിന് അടുത്തുള്ള മില്‍മ ബൂത്തിനടുത്ത് നില്‍ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പരിചയമുള്ള പ്രതികള്‍ പെരിങ്ങളത്തേക്ക് പോകുകയാണെന്നും ഓട്ടോയില്‍ കൂടെ പോകാമെന്നും പറഞ്ഞ് പരാതിക്കാരിയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി.

യാത്ര തുടങ്ങിയ ശേഷം പ്രതികൾ പരാതിക്കാരിയെ ആക്രമിക്കുകയും പരാതിക്കാരി ധരിച്ചിരുന്ന ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ മാലയും രണ്ടര പവന്റെ പാദസരവും ഒരു പവന്റെ ബ്രെയിസ്‌ലറ്റും പൊട്ടിച്ചെടുത്ത ശേഷം ചേവായൂരില്‍ ഇറക്കി വിട്ട് കടന്ന് കളയുകയായിരുന്നു. പ്രതികളുടെ അക്രമത്തിൽ പരാതിക്കാരിയുടെ മുൻവശത്തെ നാല് പല്ലുകൾ പറിഞ്ഞു പോയി. യുവതിയുടെ പരാതിയില്‍ കസബ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്തെയും സമീപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.