September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

കാസർകോടിന്റെ വികസനച്ചിന്തകളുമായി യുവത്വം; ‘നമസ്തേ കളക്ടർ’ ഇനി കലാലയങ്ങളിലേക്കും.

SHARE

 

ജില്ലയുടെ വികസന ഭൂപടത്തിൽ യുവതയുടെ ആശയങ്ങൾക്കും ഇനി ഇടം. ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘നമസ്തേ കളക്ടർ’ പദ്ധതി സ്കൂളുകൾക്ക് പിന്നാലെ ജില്ലയിലെ കോളേജുകളിലേക്കും വ്യാപിക്കുന്നു. പദ്ധതിയുടെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവ. കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനുമായി മുഖാമുഖം സംവദിച്ചു.

കാസർകോടിന്റെ ടൂറിസം സാധ്യതകളെ ഉയർത്താനുള്ള ആശയങ്ങളാണ് മഞ്ചേശ്വരം കോളേജിലെ വിദ്യാർത്ഥികൾ കളക്ടറുമായി പങ്കുവെച്ചത്. വിനോദസഞ്ചാരത്തിന് പുറമെ ജില്ലയുടെ വിവിധ മേഖലകളിലെ വികസനത്തിനു വേണ്ടിയുള്ള ആശയങ്ങളും ചർച്ച ചെയ്തു.
ജില്ലാ ഭരണകൂടവും വിദ്യാർത്ഥികളും തമ്മിലുള്ള ദൂരം കുറയ്ക്കാനും ഭരണപ്രക്രിയയിൽ യുവജന പങ്കാളിത്തം ഉറപ്പാക്കാനുമായി മാർച്ച് 18-നാണ് ‘നമസ്തേ കളക്ടർ’ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഭരണസംവിധാനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കുന്ന ഈ ജനകീയ പദ്ധതി, വരും ആഴ്ചകളിൽ ജില്ലയിലെ കൂടുതൽ സർക്കാർ സ്കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

നേരത്തെ പൈവളികെ , ചെമ്മനാട്, ബാര ഗവ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികളും ജില്ലാ കളക്ടറുമായി സംവദിച്ചിരുന്നു തിരക്കേറിയ ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കിടയിലും വിദ്യാർത്ഥികളുടെ സംശയങ്ങൾ കേൾക്കാനും അവർക്ക് മറുപടി നൽകാനും കളക്ടർ സമയം കണ്ടെത്തുന്നത് കലാലയങ്ങളിൽ വലിയ ആവേശമാണ് പകർന്നുനൽകുന്നത്. dcipksd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.

ദേശീയപാതയിൽ നിന്ന് മഞ്ചേശ്വരം കോളേജിലേക്ക് യാത്ര സുഗമമാക്കാൻ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് വിദ്യാർത്ഥികൾ ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയും, കലക്ടർ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മാണം ആരംഭിക്കാൻ ദേശീയപാത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും, ഉടൻ ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു.